അന്തർദേശീയം

മാസങ്ങൾ നീണ്ട ചർച്ച; ഒടുവിൽ കരാറിൽ ഒപ്പുവെച്ച് അമേരിക്കയും യുക്രൈനും

വാഷിങ്ടൻ : മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ഒടുവിൽ യുക്രൈനുമായുള്ള ധാതുകരാറിൽ ഒപ്പുവെച്ച് യുഎസ്. യുദ്ധത്തിൽ തകർന്ന യുക്രൈന്റെ പുനർനിർമ്മാണത്തിന് നിക്ഷേപങ്ങൾ എത്തിക്കുന്നതിന് പകരം, രാജ്യത്തെ അപൂർവ ധാതുക്കൾ അമേരിക്കക്ക് ലഭ്യമാക്കാനാണ് കരാറിലെ ധാരണ. അമേരിക്കയും യുക്രൈനും തമ്മിലുള്ള ബന്ധം മോശമായി തുടരുന്നതിനിടെയാണ് ഈ കരാർ.

യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസറ്റും യുക്രൈൻ ഉപ പ്രധാനമന്ത്രിയുമാണ് കരാറിൽ ഒപ്പുവച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ്-യുക്രൈൻ റീഇൻവെസ്റ്റ്‌മെന്റ് ഫണ്ട് എന്നാണ് കരാർ അറിയപ്പെടുന്നത്. കരാറിനെ വിശദാംശങ്ങൾ സംബന്ധിച്ച അവ്യക്തത തുടരുന്നുണ്ടെങ്കിലും, ടൈറ്റാനിയം, യുറേനിയം, ലിഥിയം എന്നിവയുൾപ്പെടെയുള്ള യുക്രൈന്റെ വിലയേറിയ അപൂർവ ഭൂമി ധാതുക്കൾ ഉപയോഗപ്പെടുത്താൻ അമേരിക്കയെ കരാർ അനുവദിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. യുക്രൈനിലേക്ക് ആഗോള നിക്ഷേപം ആകർഷിക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന യുക്രൈൻ – റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കരാർ. യുക്രൈനെ സംബന്ധിച്ചിടത്തോളം അമേരിക്കൻ സൈനിക, സാമ്പത്തിക സഹായങ്ങൾ നിലക്കാതിരിക്കാൻ കരാർ നിർണായകമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും തമ്മിൽ തർക്കം ഉണ്ടായതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു.

കഴിഞ്ഞ ആഴ്ച യുക്രൈനിൽ ഉണ്ടായ മിസൈലാക്രമണങ്ങളെ അപലപിച്ച ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ ഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനോട് ആവശ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button