പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റില്‍

കൊച്ചി : ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് സംഭവം. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വളയന്‍ചിറങ്ങര സ്വദേശി ജിസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം. കടുത്ത മദ്യപാനിയായ ജിസര്‍, മദ്യപിച്ച് പലയിടത്തും പ്രശ്‌നങ്ങളുണ്ടാക്കുന്ന വ്യക്തിയാണ്. മദ്യപിച്ചു ലക്കുകെട്ട ജിസാറിനെ സുഹൃത്തുക്കള്‍ പിടിച്ചു കെട്ടി ഡീ അഡിക്ഷന്‍ സെന്ററിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ആശുപത്രിയിലെത്തിച്ചത്.
കാഷ്വാലിറ്റിയിൽ വെച്ച് മരുന്നു നല്‍കാന്‍ കയ്യിലെ കെട്ടഴിച്ചപ്പോള്‍, അക്രമാസക്തനായി ഡോക്ടര്‍ക്ക് നേരെ പാഞ്ഞടുത്തു. ഡോക്ടറെ ആക്രമിക്കുകയും ചെയ്തു. തടയാന്‍ വന്ന സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തു. സ്ഥലത്തെത്തിയ പൊലീസിനു നേരെയും ഇയാള്‍ അസഭ്യവര്‍ഷം നടത്തി. ഇയാള്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമം അടക്കം ചുമത്തി കേസെടുത്തിട്ടുണ്ട്.