കണ്ണൂരിൽ കാർ കുളത്തിൽ വീണ് യുവാവ് മരിച്ചു
കണ്ണൂർ : കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കണ്ണൂർ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്. കനത്ത മഴയിൽ ഒടിഞ്ഞു വീണ മരക്കൊമ്പ് കാറിലേക്ക് വീഴാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം. നിയന്ത്രണം വിട്ട് കാർ കുളത്തിലേക്ക് മറിയുകയായിരുന്നു.
ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ഒരു പരീക്ഷ കഴിഞ്ഞ് ഇന്ന് പുലർച്ചെ ഇമ്മാനുവൽ നാട്ടിലേക്ക് മടങ്ങാനായി തലശ്ശേരിയിൽ എത്തി. കാർ ഇവിടെ നിർത്തിയിട്ടതായിരുന്നു. ഇവിടെ നിന്നു കാറിൽ മടങ്ങുന്നതിനിടെ വീടിനു തൊട്ടടുത്തു വച്ചു തന്നെയാണ് അപകടം സംഭവിച്ചത്.
ഡ്രൈവിങിനിടെ കനത്ത മഴയിൽ മരക്കൊമ്പ് പൊട്ടി വീഴുന്നത് ഇമ്മാനുവൽ കണ്ടു. ഇതോടെയാണ് കാർ വെട്ടിച്ചത്. വണ്ടി ഒരു തെങ്ങിൽ ഇടിച്ച് റോഡരികിലുണ്ടായിരുന്ന വലിയ കുളത്തിലേക്ക് പതിക്കുകയായിരുന്നു.
ശബ്ദം കേട്ട് നാട്ടുകാർ എത്തി ഇമ്മാനുവലിനെ പുറത്തെടുത്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.