യമനിലെ എസ്.ടി.സി പ്രസിഡൻറ് ഐദറൂസ് അൽസുബൈദി ഒളിവിൽ; ഏദനിലും അൽളാലെയിലും സംഘർഷാവസ്ഥ

സന : യമനിലെ സതേൺ ട്രാൻസിഷനൽ കൗൺസിൽ (എസ്.ടി.സി) പ്രസിഡൻറ് ഐദറൂസ് ഖാസിം അൽ സുബൈദി അജ്ഞാത കേന്ദ്രത്തിലേക്ക് കടന്നുകളഞ്ഞതായി സഖ്യസേന ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച പ്രസിഡൻഷ്യൽ ലീഡർഷിപ് കൗൺസിൽ പ്രസിഡൻറ് ഡോ. റഷാദ് അൽ അലിമിയുമായും സഖ്യകക്ഷി നേതൃത്വവുമായും കൂടിക്കാഴ്ച നടത്തുന്നതിനായി 48 മണിക്കൂറിനുള്ളിൽ സൗദി അറേബ്യയിലെത്താൻ അൽ സുബൈദിയോട് സഖ്യസേന നിർദേശിച്ചിരുന്നു.
ട്രാൻസിഷനൽ കൗൺസിലുമായി ബന്ധപ്പെട്ട സേനകൾ ഏദൻ, അൽളാലെ ഗവർണറേറ്റുകളിൽ നടത്തിയ ആക്രമണങ്ങളെക്കുറിച്ചും സംഘർഷാവസ്ഥയെക്കുറിച്ചും ചർച്ച ചെയ്യാനായിരുന്നു ഈ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാൽ ജനുവരി ആറിന് സൗദിയിലേക്ക് പുറപ്പെടാമെന്ന് അറിയിച്ച സുബൈദി, അവസാന നിമിഷം വിമാനത്തിൽ കയറാതെ അപ്രത്യക്ഷനാകുകയായിരുന്നു.
തിങ്കളാഴ്ച ദക്ഷിണ, യമൻ പ്രശ്നം പരിഹരിക്കുന്നതിനായി സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് എസ്.ടി.സി പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച രാത്രി 10.10ന് പുറപ്പെടേണ്ട യമൻ എയർവേയ്‌സ് വിമാനത്തിൽ സുബൈദിയും സംഘവും റിയാദിലേക്ക് വരേണ്ടതായിരുന്നു. എന്നാൽ വിമാനം മൂന്ന് മണിക്കൂറിലധികം വൈകുകയും ആ സമയത്തിനുള്ളിൽ സുബൈദി തന്റെ സൈനിക വിഭാഗങ്ങളെ അണിനിരത്തി സായുധനീക്കത്തിന് ആഹ്വാനം ചെയ്തതായി സഖ്യസേനക്ക് വിവരം ലഭിക്കുകയും ചെയ്തു.
തുടർന്ന് വിമാനം പുറപ്പെട്ടെങ്കിലും അതിൽ സുബൈദി ഉണ്ടായിരുന്നില്ല. അദ്ദേഹം തന്റെ വിശ്വസ്തരായ മോമെൻ അൽ സഖാഫ്, മുഖ്താർ അൽ നുബി എന്നിവർ വഴി ഏദനിൽ ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്ത് വലിയ തോതിലുള്ള അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ശ്രമിച്ചതായും സഖ്യസേന വെളിപ്പെടുത്തി. സ്ഥിതിഗതികൾ വഷളായതോടെ, സിവിലിയന്മാരുടെ സുരക്ഷ കണക്കിലെടുത്ത് പ്രസിഡൻഷ്യൽ കൗൺസിൽ വൈസ് പ്രസിഡൻറ് അബ്ദുൽ റഹ്മാൻ അൽ മഹ്റമിയുടെ അഭ്യർഥനപ്രകാരം സഖ്യസേനയും ‘ഹോംലാൻഡ് ഷീൽഡ്’ സേനയും ഏദനിൽ സുരക്ഷ കർശനമാക്കി.
ഇതോടൊപ്പം അൽളാലെ പ്രവിശ്യയിലെ അൽനസ്ർ ക്യാമ്പിന് സമീപം നിലയുറപ്പിച്ച വിമത സേനക്ക് നേരെ ബുധനാഴ്ച പുലർച്ചെ നാലിന് സഖ്യസേന പ്രതിരോധ ആക്രമണങ്ങൾ നടത്തി. സുബൈദിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത സൈനിക നീക്കങ്ങളെ തടയാനാണ് ഈ നടപടിയെന്ന് സഖ്യസേന വ്യക്തമാക്കി. നഗരങ്ങളുടെയും സിവിലിയന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും, സൈനിക ക്യാമ്പുകളിൽനിന്നും സൈനിക വാഹനങ്ങളുടെ പരിസരങ്ങളിൽനിന്നും വിട്ടുനിൽക്കണമെന്നും പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.



