ജല, മലിനജല അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാന്‍ 310 മില്യണ്‍ യൂറോ നിക്ഷേപിക്കുമെന്ന് WSC
മാള്‍ട്ടയിലെ ജല, മലിനജല അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാന്‍ 310 മില്യണ്‍ യൂറോ നിക്ഷേപിക്കുകയാണെന്ന് WSC (വാട്ടര്‍ സര്‍വീസസ് കോര്‍പ്പറേഷന്‍). ശേഷിയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനും മലിനജല ശൃംഖല മെച്ചപ്പെടുത്തുന്നതിനും ജല നിരീക്ഷണ സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുന്നതിനും മലിനജല പുനരുപയോഗത്തിനും പുനരുപയോഗ സംരംഭങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സംസ്‌കരണ സൗകര്യങ്ങള്‍ നവീകരിക്കാനുമാണ് പണം ചെലവഴിക്കുക. ശുദ്ധീകരിക്കാത്ത മലിനജലം കടലില്‍ തള്ളിയതിന് യൂറോപ്യന്‍ യൂണിയന്‍ വേസ്റ്റ് വാട്ടര്‍ ഡയറക്ടീവ് ലംഘനം ചൂണ്ടിക്കാട്ടി മാള്‍ട്ടക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ കേസെടുത്ത സാഹചര്യത്തിലാണ് ഈ നടപടി പ്രഖ്യാപനം.
കഴിഞ്ഞ ദിവസം സെന്റ് ജൂലിയന്‍സ് ബെയിലെ ഉള്‍ക്കടലില്‍ ഇ കോളി മാലിന്യത്തിന്റെ സാന്നിധ്യമുണ്ടായതിനെത്തുടര്‍ന്നാണ് യൂറോപ്യന്‍ യൂണിയന്‍ നടപടി. എന്നാല്‍, മലിന ജല ശൃംഖലയിലെ പാളിച്ചകള്‍ കൊണ്ടല്ല, ഉള്‍ക്കടല്‍ മലിനമാക്കപ്പെട്ടതെന്ന് വാട്ടര്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. തങ്ങളുടെ മാലിന്യക്കുഴലുകള്‍ പൂര്‍ണമായും പരിശോധിച്ചതായും അതില്‍ ചോര്‍ച്ചയൊന്നും ദൃശ്യമല്ലെന്നതുമാണ് കോര്‍പ്പറേഷന്റെ പക്ഷം. പൊതുജനങ്ങള്‍ ജലസ്രോതസുകളില്‍ മാലിന്യ നിക്ഷേപം നടത്തുന്നതാണ് കാരണമെന്നാണ് കോര്‍പറേഷന്റെ വിലയിരുത്തല്‍. സ്ലീമ, സെന്റ് ജൂലിയന്‍ സാര്‍ തുടങ്ങിയ ടൂറിസ്റ്റ് ഹോട്ട്സ്പോട്ടുകളില്‍ നിന്നടക്കമുള്ള മാലിന്യമാകാം ഇതെന്നാണ് കോര്‍പറേഷന്റെ ന്യായീകരണം.