കേരളം

വയോജന പരിരക്ഷ; കേരളത്തിന് 28 കോടി ഡോളര്‍ ലോക ബാങ്ക് വായ്പ

ന്യൂഡല്‍ഹി : ആയുര്‍ദൈര്‍ഘ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് കേരളത്തിന് 28 കോടി യുഎസ് ഡോളര്‍ വായ്പ അനുവദിച്ചതായി ലോക ബാങ്ക്. 1.10 കോടി വയോധികര്‍ ഉള്‍പ്പെടുന്ന വിഭാഗത്തിനാണ് ആരോഗ്യ പദ്ധതിക്കായി തുക അനുവദിച്ചിരിക്കുന്നത്. വായ്പ തിരിച്ചടവിന് 25 വര്‍ഷമാണ് കാലാവധി. അഞ്ച് വര്‍ഷത്തെ ഗ്രേസ് പിരീഡും ലഭിക്കും.

സംസ്ഥാനത്ത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവുമുളള 90 ശതമാനത്തിലധികം രോഗികളെ ഇലക്ട്രോണിക് ട്രാക്കിങ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ചികിത്സിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കിടപ്പിലായവര്‍ക്കും ദുര്‍ബലരായവര്‍ക്കും വീടുകളില്‍ പരിചരണം നല്‍കുന്ന മാതൃകയും നടപ്പാക്കുകയാണ് ലക്ഷ്യം. ‘കേരളത്തിലെ 1.10 കോടി വരുന്ന വയോധികരും ദുര്‍ബലരുമായ ആളുകളുടെ ആയുര്‍ദൈര്‍ഘ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്ന പദ്ധതിക്ക് ലോക ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.’ ലോക ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

ഇ-ഹെല്‍ത്ത് സേവനങ്ങള്‍, സംയോജിത ഡാറ്റ പ്ലാറ്റ്ഫോമുകള്‍, മെച്ചപ്പെടുത്തിയ സൈബര്‍ സുരക്ഷ എന്നിവയിലൂടെ ഇത് കേരളത്തിന്റെ ഡിജിറ്റല്‍ ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക, സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍, സ്തനാര്‍ബുദ പരിശോധന എന്നിവ ഉറപ്പാക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്ന് ലോകബാങ്കിന്റെ ഇന്ത്യയിലെ ആക്ടിങ് കണ്‍ട്രി ഡയറക്ടര്‍ പോള്‍ പ്രോസി പറഞ്ഞു. ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ആന്റിബയോട്ടിക് ഉപയോഗത്തിനുള്ള സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോളുകളും നടപടിക്രമങ്ങളും സ്വീകരിക്കുകയും രോഗികള്‍ക്ക് ലബോറട്ടറി വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കി ജന്തുജന്യ രോഗങ്ങള്‍ വേഗത്തില്‍ കണ്ടെത്തുകയും ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button