അന്തർദേശീയം

ലാന്‍ഡ് ചെയ്യുന്നതിനിടെ ചുഴലിക്കാറ്റ്; വിമാനത്തിന്‍റെ ചിറകുകള്‍ റണ്‍വേയിലിടിച്ച് തീപ്പൊരിയുയര്‍ന്നു

തായ്‌പേ : തായ്‌വാനിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബോയിംഗ് 747 വിമാനത്തിന്റെ ചിറക് റൺവേയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ വിമാനത്തില്‍ നിന്ന് തീപ്പൊരിയുയര്‍ന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. അപകടത്തില്‍ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.

യുണൈറ്റഡ് പാർസൽ സർവീസ് (യുപിഎസ്) എക്സ്പ്രസ് കാർഗോ വിമാനം 5X61 വിമാനമാണ് ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞത്. തായ്‌വാനിലെ തായ്‌പേയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ, വിമാനം ശക്തമായ ചുഴലിക്കാറ്റില്‍പ്പെടുകയായിരുന്നു. റണ്‍വേയിലേക്ക് അടുക്കുംതോറും വിമാനം കൂടുതല്‍ ഉലയുന്നതും പുറത്ത് വന്ന വിഡിയോയില്‍ കാണാം. ഇതിന് പിന്നാലെ വിമാനത്തിന്‍റെ വലത് ചിറക് റണ്‍വേയില്‍ ഉരയുകയും തീപ്പൊരികള്‍ ഉയരുകയും ചെയ്തു.

എന്നാല്‍ പിന്നീട് വിമാനം പറന്നുയരുകയും മൂന്ന് തവണ ശ്രമിച്ചതിന് ശേഷമാണ് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.’ തായ്‌പേയ്-തായ്‌വാൻ തായ്‌വാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (TPE) റൺവേ 05L ൽ രാത്രിയിൽ ലാൻഡ് ചെയ്യുന്നതിനിടെ യുപിഎസ് ഫ്ലൈറ്റ് 5X61, എഞ്ചിൻ പോഡ് ഇടിച്ചതായി വ്യോമയാന സുരക്ഷാ ശൃംഖല അറിയിച്ചു. കൂടുതല്‍ അപകടങ്ങളില്ലാതെ വിമാനം ലാന്‍ഡ് ചെയ്തെന്നും ചിറകുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും വ്യോമയാന ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞദിവസം തെക്കൻ തായ്‌വാനിൽ ഉടനീളം പൊഡുൽ ചുഴലിക്കാറ്റ് വീശിയിരുന്നു, മണിക്കൂറിൽ 191 കിലോമീറ്റർ (118 മൈൽ) വരെ വേഗതയിലാണ് കാറ്റടിച്ചത്. ചുഴലിക്കാറ്റിന് പിന്നാലെ വ്യോമയാന ഗതാഗതസംവിധാനം താറുമാറായിരുന്നു. നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. സുരക്ഷാ നടപടിയായി 8,000-ത്തിലധികം താമസക്കാരെ ഒഴിപ്പിച്ചതായി അധികൃതർ പറഞ്ഞു. ഒരാളെ കാണാതായിട്ടുണ്ട്. 112 പേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button