അർജുന്റെ കുടുംബം നൽകിയ സൈബർ ആക്രമണ പരാതി: കേസിൽനിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കും
കോഴിക്കോട്: സൈബർ ആക്രമണത്തിൽ അർജുന്റെ കുടുംബം നൽകിയ പരാതിയിലെടുത്ത കേസിൽനിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കിയേക്കും. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് മനാഫിനെ പ്രതിചേർത്തതെന്നാണ് പൊലീസ് പറയുന്നത്. ഇദ്ദേഹത്തിനെതിരെ അർജുന്റെ കുടുംബം മൊഴി നൽകിയിരുന്നില്ല.
അർജുന്റെ കുടുംബം നൽകിയ പരാതിയിൽ മനാഫിന്റെ പേരുണ്ടായിരുന്നില്ല. മനാഫിന്റെ യൂട്യൂബ് ചാനലിലെ കമന്റ് സെക്ഷനിൽ കുടുംബത്തിനെതിരെ നടക്കുന്ന അപകീർത്തി പരാമർശങ്ങളും വ്യാജ പ്രചാരണങ്ങളും അധിക്ഷേപവുമായിരുന്നു ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, പരാതിയിൽ മനാഫിനെതിരെ കലാപാഹ്വാനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചെന്നും കേസിൽ ആരോപിച്ചിരുന്നു.
അർജുന്റെ സഹോദരി അഞ്ജുവാണ് ചേവായൂർ പൊലീസിൽ പരാതി നൽകിയിരുന്നത്. മനാഫിനും മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയ്ക്കുമെതിരെ നേരത്തെ അർജുന്റെ കുടുംബം കഴിഞ്ഞ ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ, ഭാര്യ കൃഷ്ണപ്രിയ, അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ അഭിജിത് എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. അർജുന്റെ തിരോധാനം ഉപയോഗിച്ച് യൂട്യൂബിലൂടെ നേട്ടമുണ്ടാക്കുകയാണെന്നും പണപ്പിരിവ് നടത്തിയെന്നുമുൾപ്പെടെ കുടുംബം നടത്തിയിരുന്നു.
എന്നാൽ, അർജുന്റെ പേര് പറഞ്ഞ് ഒരു മുതലെടുപ്പും നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് അവർക്ക് വൈകാരികമായി എന്തെങ്കിലും തോന്നിയെങ്കിൽ മാപ്പുചോദിക്കുന്നുവെന്നും മനാഫ് പ്രതികരിച്ചു. അർജുന്റെ പേരിൽ ഒരു തരത്തിലുള്ള പണപ്പിരിവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.