ദുരന്ത ബാധിതര്‍ക്കായി ബൃഹദ് പുനരധിവാസ പദ്ധതി തയാറാക്കും, സൈന്യം പറയുന്നതുവരെ തെരച്ചിൽ തുടരുമെന്ന് കേരള സർക്കാർ
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസത്തിന് വലിയ തുക വേണ്ടി വരുമെന്ന് മന്ത്രിതല ഉപസമിതിയുടെ വിലയിരുത്തല്‍. ദുരന്ത ബാധിതര്‍ക്കായി ബൃഹദ് പുനരധിവാസ പദ്ധതി തയാറാക്കാനാണ് തീരുമാനം.അടിയന്തര പ്രാധാന്യത്തില്‍ പുനരധിവാസ പാക്കേജ് തീരുമാനിക്കും. പാക്കേജില്‍ ഏറ്റവും മുന്തിയ പരിഗണന ഇരകള്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മിക്കുക എന്നതിനാണ്. മറ്റുള്ള സംഘടനകളുടെയോ വ്യക്തികളുടെ സഹായം ഉണ്ടായാലും പൂര്‍ണമായും സര്‍ക്കാരിന്റെ മേൽനോട്ടത്തിലാകും ടൗണ്‍ഷിപ്പ് നിര്‍മിക്കുകയെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
ദുരന്തബാധിത സ്ഥലത്തിന് പുറത്താകും ടൗണ്‍ഷിപ്പ് നിര്‍മിക്കുക. ഇതിനുള്ള സ്ഥലം തീരുമാനിച്ചിട്ടില്ല.ഏറ്റവും തീവ്രതയേറിയ ദുരന്തമെന്ന നിലയ്ക്കുള്ള പരിഗണന വേണമെന്ന് കേന്ദ്രത്തെ അറിയിക്കും. എൽ 3 വിഭാഗത്തിലെ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെടുക.ദുരന്തബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രത്യേക പദ്ധതി തയാറാക്കാനും തീരുമാനമായി. താത്ക്കാലിക പഠന കേന്ദ്രം ഒരുക്കുകയോ, സമീപത്തെ സ്കൂളുകളിലേക്ക് മാറ്റുകയോ ചെയ്യാനാണ് തീരുമാനം.ദുരന്തഭൂമിയിലെ തിരച്ചില്‍ നിര്‍ത്തരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരാനാണ് മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനമായത്.