തിരുവനന്തപുരത്ത് യുവാവിനെ ലോറിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭാര്യയുടെ പിതാവ് അറസ്റ്റില്‍

തിരുവനന്തപുരം : യുവാവിനെ ലോറിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭാര്യയുടെ പിതാവ് അറസ്റ്റില്‍. വെഞ്ഞാറമൂട് വെമ്പായം തേക്കട കുണൂര്‍ സിയോണ്‍കുന്ന് പനച്ചുവിള വീട്ടില്‍ ജോണ്‍(48) ആണ് അറസ്റ്റിലായത്. വെമ്പായം വേറ്റിനാട് കളിവിളാകം സുഭദ്രാ ഭവനില്‍ അഖില്‍ജിത്തിന് (30) ഗുരുതരമായി പരിക്കേറ്റു. അരയ്ക്കുതാഴെ ഗുരുതരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ശനിയാഴ്ച വൈകീട്ടോടെ കൊപ്പം സിഎസ്ഐ പള്ളിക്കു സമീപമായിരുന്നു സംഭവം.
പിതാവിന്റെയും കുടുംബത്തിന്റെയും എതിര്‍പ്പ് അവഗണിച്ച് മകള്‍ അജീഷ(21) അഖില്‍ജിത്തിനെ വിവാഹം ചെയ്തതിലുള്ള പകയാണ് കൊലപാതക ശ്രമത്തിന് പിന്നാലെന്നാണ് പൊലീസ് നല്കുന്ന വിവരം. ഒരുമാസം മുന്‍പായിരുന്നു അഖില്‍ജിത്തിന്റെയും അജീഷയുടെയും വിവാഹം. അഖില്‍ജിത്തിന്റേത് രണ്ടാം വിവാഹമാണെന്നറിഞ്ഞപ്പോള്‍ അജീഷയെ കുടുംബം ഇടപെട്ട് തിരികെ വിളിച്ചുകൊണ്ടുവന്നിരുന്നു. ഒരാഴ്ച മുന്‍പ് അജീഷ വീണ്ടും അഖില്‍ജിത്തിനൊപ്പം പോയിരുന്നു പിന്നാലെയാണ് അപകടപ്പെട്ടുത്താന് ശ്രമിച്ചത്.
ശനിയാഴ്ച വൈകീട്ട് അജീഷയെയും അഖിലിനെയും ജോണ്‍ വഴിയരികില്‍ വച്ച് കണ്ടിരുന്നു. ഇവര്‍ തൊട്ടടുത്ത കടയില്‍നിന്നു കാറിലേക്കു കയറുന്നതിനിടെ സ്വന്തം ലോറി ഓടിച്ചുവന്ന ജോണ്‍ ലോറി ഇടിച്ചുകയറ്റുകയായിരുന്നു. ലോറിക്കും കാറിനുമിടയില്‍ അഖില്‍ജിത്ത് കുടുങ്ങുകയും ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. നാട്ടുകാരാണ് റ്റ അഖില്‍ജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പോലീസ് എത്തി ജോണിനെ അറസ്റ്റുചെയ്യുകയും ലോറി പിടിച്ചെടുക്കുകയും ചെയ്തു.