‘മദ്യത്തിന് 150% തീരുവ ചുമത്തുന്നു, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് 100%’; ഇന്ത്യയ്‌ക്കെതിരെ യുഎസ്

വാഷിങ്ടണ്‍ : അമേരിക്കന്‍ മദ്യത്തിന് ഇന്ത്യ 150% തീരുവ ചുമത്തുന്നുവെന്ന് വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി കരോളിന്‍ ലെവിറ്റ്. വിവിധ രാജ്യങ്ങള്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്ന തീരുവയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു കരോളിന്‍ ലെവിറ്റിന്റെ പരാമര്‍ശം. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് 100% തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്നും അവര്‍ ആരോപിച്ചു.
വ്യാപാരം ന്യായവും സന്തുലിതവുമായിരിക്കണമെന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാഴ്ചപ്പാടെന്ന് ചൊവ്വാഴ്ച മാധ്യമങ്ങളെ കണ്ടപ്പോള്‍ കരോളിന്‍ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായാണ് വിവിധ രാജ്യങ്ങള്‍ തങ്ങള്‍ക്കുമേല്‍ ചുമത്തുന്ന തീരുവയെക്കുറിച്ച് അവര്‍ പറഞ്ഞത്. അമേരിക്കന്‍ വ്യവസായങ്ങളുടേയും തൊഴിലാളികളുടേയും താത്പര്യം സംരക്ഷിക്കുന്ന പ്രസിഡന്റാണ് ഇപ്പോള്‍ തങ്ങള്‍ക്കുള്ളതെന്നും അവര്‍ അവകാശപ്പെട്ടു.
‘അമേരിക്കന്‍ ചീസിനും ബട്ടറിനും കാനഡ 300% തീരുവയാണ് ചുമത്തുന്നത്. അമേരിക്കന്‍ മദ്യത്തിന് ഇന്ത്യയില്‍ 150% ആണ് തീരുവ. ഇന്ത്യയില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് 100% തീരുവയുണ്ട്. ജപ്പാന്‍ അരിക്ക് 700% തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നു’, എന്നായിരുന്നു കരോളിന്‍ ലെവിറ്റിന്റെ വാക്കുകള്‍.