തിരികെ അയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ കൊളംബിയ സമ്മതിച്ചു : വൈറ്റ് ഹൗസ്
ബോഗോട്ട : ട്രംപ് ഭരണകൂടവുമായുള്ള ബലാബലത്തിനൊടുവില്‍ അമേരിക്കയില്‍നിന്നു തിരികെ അയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ കൊളംബിയ സമ്മതിച്ചതായി വൈറ്റ് ഹൗസ്. കുടിയേറ്റക്കാരെ തിരികെ സ്വീകരിച്ചില്ലെങ്കില്‍ കൊളംബിയയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കൊളംബിയയുടെ തീരുമാനം.
കാലതാമസമില്ലാതെ നാടുകടത്തിയ കുടിയേറ്റക്കാരെ സ്വീകരിക്കുമെന്നും പ്രസിഡന്റ് ട്രംപിന്റെ എല്ലാ നിബന്ധനകളും കൊളംബിയ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവീറ്റ് വ്യക്തമാക്കി. കൊളംബിയയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുകയും പിന്നീട് 50 ശതമായി ഉയര്‍ത്തുകയും ചെയ്യുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. കൊളംബിയയുടെ പുതിയ തീരുമാനം വന്നതിനെത്തുടര്‍ന്ന് ഈ ഉത്തരവുകള്‍ ഒപ്പിടില്ലെന്ന് ലീവിറ്റ് പറഞ്ഞു.
കുടിയേറ്റക്കാരുമായി എത്തിയ അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ക്ക് കൊളംബിയ ലാന്‍ഡിങ് അനുമതി നിഷേധിച്ചിരുന്നു. ഈ നടപടിക്കെതിരെയായിരുന്നു ട്രംപിന്റെ നീക്കം. എന്നാല്‍ കൊളംബിയന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.