യൂറോപ്യൻ യൂണിയൻ വാർത്തകൾ

സീറ്റ് കവറുകള്‍ കഴുകി വൃത്തിയാക്കി; ഫിന്‍എയറിന് റദ്ദാക്കേണ്ടിവന്നത് 40-ലേറെ സര്‍വീസുകള്‍

ഹെൽസിങ്കി : സീറ്റ് കവറുകള്‍ കഴുകി വൃത്തിയാക്കിയതിനെ തുടര്‍ന്ന് വിമാനക്കമ്പനിക്ക് റദ്ദാക്കേണ്ടിവന്നത് 40-ലേറെ സര്‍വീസുകള്‍. രണ്ടുദിവസത്തിനിടെയാണ് ഇത്രയധികം സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നത്. ഫിന്‍ലന്‍ഡിലെ ഫിന്‍എയറിനാണ് സീറ്റ് വൃത്തിയാക്കിയതിനെ തുടര്‍ന്ന് പണി കിട്ടിയത്.

ഫിന്‍ എയറിന്റെ എട്ട് എയര്‍ബസ് എ321 മോഡല്‍ വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തേണ്ട സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. സീറ്റ് കവറുകള്‍ വെള്ളം ഉപയോഗിച്ച് കഴുകിയതാണ് ഇതിന് കാരണമായത്. തീപ്പിടിത്തമുണ്ടായാല്‍ അത് പടരാതെ പ്രതിരോധിക്കാനുള്ള ശേഷി സീറ്റ് കവറുകള്‍ക്കുണ്ട്. കഴുകി വൃത്തിയാക്കിയപ്പോള്‍ അത് സീറ്റ് കവറുകളുടെ ഫയര്‍ റെസിസ്റ്റന്റ്‌സിനെ ബാധിച്ചേക്കാമെന്ന സംശയമാണ് സര്‍വീസുകള്‍ മുടങ്ങാന്‍ കാരണമായത്.

പതിവ് പരിശോധനകള്‍ക്കിടെ വിമാനത്തിലെ സീറ്റ് കവറുകള്‍ വെള്ളം ഉപയോഗിച്ച് കഴുകിയതായി ശ്രദ്ധയില്‍പെട്ടുവെന്നും ഇങ്ങനെ കഴുകിയത് അതിന്റെ തീയെ പ്രതിരോധിക്കാനുള്ള ശേഷിയെ ബാധിച്ചോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നും ഫിന്‍എയര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതുമൂലമുണ്ടായ ബുദ്ധിമുട്ടില്‍ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നതായും കമ്പനി അറിയിച്ചു.

അതേസമയം സര്‍വീസുകള്‍ അതിവേഗം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൂന്ന് വിമാനങ്ങളുടെ സര്‍വീസ് ബുധനാഴ്ച വീണ്ടും തുടങ്ങുമെന്നാണ് സൂചന. സുരക്ഷാ പരിശോധനകള്‍ പൂര്‍ണമായാല്‍ സര്‍വീസുകള്‍ സാധാരണനിലയിലാകും. അടുത്തിടെ വ്യോമയാനരംഗത്തുണ്ടായ സാധാരണമായ പ്രതിസന്ധിയാണ് ഫിന്‍എയര്‍ നേരിടുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

എന്തുകൊണ്ട് വിമാനങ്ങളില്‍ തീയെ പ്രതിരോധിക്കുന്ന സീറ്റ് കവര്‍?

സുരക്ഷാമാനദണ്ഡങ്ങളുടെ ഭാഗമായാണ് വിമാനത്തിന്റെ സീറ്റ് കവറുകള്‍ ഫയര്‍ റെസിസ്റ്റന്റായ പദാര്‍ഥം കൊണ്ട് നിര്‍മിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നത്. അഗ്നിബാധയെ തടഞ്ഞ് ദുരന്തം ഒഴിവാക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. അടഞ്ഞ അന്തരീക്ഷമായതിനാല്‍ വിമാനത്തിനകത്ത് തീ വളരെ വേഗം പടരാനുള്ള സാധ്യത കൂടുതലാണ്. സീറ്റ് കവറുകള്‍ തീയെ പ്രതിരോധിക്കുന്നതാണെങ്കില്‍ ചെറിയ തീപിടിത്തങ്ങള്‍ വലിയ അപകടമാകുന്നത് തടയാന്‍ കഴിയും. അഥവാ തീപിടിത്തമുണ്ടായാല്‍ പോലും ഇത്തരം സീറ്റ് കവറുകള്‍ ഉപയോഗിക്കുന്നതുവഴി രക്ഷപ്പെടാനുള്ള സമയം നീട്ടിക്കിട്ടുകയും ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button