അന്തർദേശീയംയൂറോപ്യൻ യൂണിയൻ വാർത്തകൾ

ആണവ നയം തിരുത്തി പുടിന്‍; ആണവ യുദ്ധത്തിന്റെ നിഴലിൽ യൂറോപ്പ്

മോസ്കോ : റഷ്യ – യുക്രെയ്ൻ യുദ്ധം ആയിരം ദിവസം പിന്നിടുമ്പോൾ ആണവായുധ നയം തിരുത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ആണവ ആക്രമണമുണ്ടായാൽ മാത്രമേ തങ്ങളും ആണവായുധം പ്രയോ​ഗിക്കുകയുള്ളൂവെന്ന നയത്തിലാണ് പുടിന്‍ തിരുത്തല്‍ വരുത്തിയത്. പുതുക്കിയ നയരേഖയില്‍ പുടിന്‍ ഒപ്പുവച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ക്കും യുക്രെയ്നുമെതിരെ ആവശ്യമുള്ളപ്പോള്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാമെന്നാണ് പുതിയ നയം പറയുന്നത്.

യുഎസ് നിർമിത ബാലിസ്റ്റിക്ക് മിസൈലുകൾ യുക്രെയ്ൻ റഷ്യക്കെതിരെ പ്രയോഗിച്ചതിനു പിന്നാലെയാണ് പുടിന്‍റെ നടപടി. ബ്രയൻസ്ക് പ്രവിശ്യയിലെ സൈനിക കേന്ദ്രത്തിന് നേരെയായിരുന്നു കഴിഞ്ഞ ദിവസം യുക്രെയിനിന്റെ ആക്രമണം ഉണ്ടായത്. ആറിൽ അഞ്ച് മിസൈലുകളും റഷ്യ തകർത്തെങ്കിലും ഒരു മിസൈൽ സൈനിക കേന്ദ്രത്തിൽ പതിച്ചു.

രാജ്യത്തിന്റെ തത്വങ്ങൾ നിലവിലെ സാഹചര്യത്തിന് അനുസൃതമായി കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് റഷ്യയുടെ ആണവ നയത്തിലെ മാറ്റങ്ങളെക്കുറിച്ച് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ബാഹ്യ ആക്രമണമുണ്ടായാൽ പ്രതികാരമായി ആണവായുധങ്ങളുടെ ഉപയോ​ഗം വിപുലീകരിക്കാൻ പുതുക്കിയ നയം റഷ്യയെ അനുവദിക്കുന്നു. ഡ്രോൺ ആക്രമണങ്ങൾ ഉൾപ്പെടെ റഷ്യയ്‌ക്കെതിരായ ഏത് സുപ്രധാനമായ ആക്രമണത്തിനും പ്രതികാരമായി ആണവായുധങ്ങൾ ഉപയോഗിക്കാൻ പുടിൻ പുതുതായി ഒപ്പിട്ട ഉത്തരവ് അം​ഗീകാരം നൽകിയിട്ടുണ്ട്.

ഒരു ആണവ രാഷ്ട്രത്തിന്റെ പങ്കാളിത്തത്തോടെ, ആണവ ഇതര രാഷ്ട്രം നടത്തുന്ന ആക്രമണം സംയുക്ത ആക്രമണമായി കണക്കാക്കപ്പെടുന്നുവെന്നാണ് പുതിയ നയം പറയുന്നത്. സഖ്യരാജ്യങ്ങളിൽ നിന്നുള്ള ഭീഷണിയുടെ വെളിച്ചത്തിൽ നയം പരിഷ്കരിക്കുന്നതിനെ കുറിച്ചുള്ള പുടിന്റെ പരാമർശങ്ങൾക്ക് ഒരു മാസത്തിനു ശേഷമാണ് ഈ നയ പരിഷ്കരണ നീക്കം.

നൂതന പാശ്ചാത്യ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യൻ പ്രദേശത്തിനുള്ളിൽ ആഴത്തിൽ ആക്രമണം നടത്താൻ യുക്രെയ്നെ അനുവദിക്കുന്നത് പിരിമുറുക്കം വർധിപ്പിക്കുമെന്നും റഷ്യയുമായി നേരിട്ടുള്ള പോരാട്ടത്തിലേക്ക് നയിക്കുമെന്നുമായിരുന്നു പുടിന്റെ മുന്നറിയിപ്പ്. ആണവശക്തിയല്ലാത്ത രാജ്യത്തിന് നേരെയും ആണവായുധം പ്രയോഗിക്കാം എന്നത് കൂടിയാണ് പുതിയ റഷ്യൻ നയം. 2020ലെ റഷ്യൻ നയമാണ് ഇതോടെ തിരുത്തപ്പെട്ടത്.

ഇതിന് പിന്നാലെ യുക്രൈൻ അമേരിക്കൻ നിർമിത മിസൈലുകൾ റഷ്യയ്ക്ക് നേരെ പ്രയോഗിച്ചതും നാറ്റോ രാജ്യങ്ങളടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളെ വിറപ്പിച്ചിട്ടുണ്ട്. പല യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ പൗരൻമാർക്ക് എങ്ങനെ ആണവയുദ്ധത്തെ നേരിടാം എന്നത് കുറിച്ച് ലഘുലേഖകളും കൈമാറിയിട്ടുണ്ട്.

ആണവയുദ്ധത്തിന്റെ മുന്നറിയിപ്പ് വന്നാൽ ഉടൻ സുരക്ഷിതമായ ഇടത്ത് അഭയം തേടാനാണ് സ്വീഡൻ തങ്ങളുടെ പൗരന്മാരോട് പറയുന്നത്. ഓരോ വീടുകളിലേക്കും സ്വീഡൻ ഇതിനോടകം യുദ്ധത്തെ നേരിടാനുള്ള മുൻകരുതലുകൾ കുറിച്ച ലഘുലേഖകൾ അയച്ചുകഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അഞ്ച് തവണയാണ് സ്വീഡൻ ഇത്തരം ലഘുലേഖ രാജ്യത്തിലെ എല്ല വീടുകളിലേക്കും അയക്കുന്നത്.

ഒരു സമ്പൂർണ സായുധ യുദ്ധത്തിനായി ഒരാഴ്ച തയ്യാറെടുത്തിരിക്കാനാണ് പൗരന്മാരോട് നോർവേ അറിയിക്കുന്നത്.

രാജ്യത്തെ എല്ലാ പൗരൻമാർക്കും ഇ-മെയിൽ അയച്ചാണ് ഡെൻമാർക്ക് യുദ്ധത്തിക്കുറിച്ച് ജാഗരൂകരാവാൻ മുന്നറിയിപ്പ് നൽകിയത്. യുദ്ധം പ്രഖ്യാപിച്ചാൽ മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മരുന്നും കരുതാൻ മെയിലിൽ പറയുന്നുണ്ട്.

ഏത് സംഭവങ്ങളും പ്രശ്‌നങ്ങളും നേരിടാൻ സജ്ജരായിരിക്കുകയാണ് തങ്ങളെന്നാണ് തങ്ങളുടെ ഔദ്യോഗിക ഓൺലൈൻ ബ്രോഷറിൽ ഫിൻലൻഡ് കുറിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button