വിഴിഞ്ഞം വിജിഎഫ് കരാര്‍ ഇന്ന് ഒപ്പിടും; കപ്പല്‍ ഭീമന്‍ എംഎസ്‌സി തുര്‍ക്കി നങ്കൂരമിടും

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസര്‍ക്കാരിന്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കുന്നതിനുള്ള കരാര്‍ ഇന്ന് ഒപ്പിടുമെന്ന് തുറമുഖമന്ത്രി വി.എന്‍ വാസവന്‍. രണ്ടു കരാറുകളാണ് ഒപ്പിടുക.
കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്. തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിൽ തുറമുഖ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഒപ്പിടും.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികകാര്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. വിജിഎഫ് ആയി 817.80 കോടി രൂപ തരുന്നതിന് പകരം, തുറമുഖത്തുനിന്ന് സംസ്ഥാനത്തിനുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കുവയ്ക്കണമെന്ന വ്യവസ്ഥ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു.
അതേസമയം, ലോകത്തിലെ വലിയ ചരക്കുകപ്പലുകളിലൊന്നായ എംഎസ്‌സി തുര്‍ക്കി ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തും. ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് ആദ്യമായിട്ടാണ് ഈ കപ്പല്‍ നങ്കൂരമിടുന്നത്. കപ്പലിന് 399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയുമുണ്ട്. 24,346 ടിഇയു കണ്ടെയിനറുകള്‍ വഹിക്കാന്‍ കഴിയും. സിംഗപ്പൂരില്‍ നിന്നാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തുന്നത്. ട്രയല്‍ റണ്ണും കോമേഷ്യല്‍ ഓപ്പറേഷന്‍സും ആരംഭിച്ച ശേഷം ഇതുവരെ 246 കപ്പലുകളാണ് വിഴിഞ്ഞത്ത് വന്നത്.