വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്ക് നബാർഡിന്റെ 2100 കോടി രൂപ വായ്പ
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്ക് നബാർഡ് 2100 കോടി രൂപ വായ്പ നൽകും. നബാർഡിന്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതിയിൽപ്പെടുത്തിയാണ് വായ്പ നൽകുന്നത്. തിരുവനന്തപുരത്ത് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട് ലിമിറ്റഡ് (വിസൽ) മാനേജിങ് ഡയറക്ടർ Dr. ദിവ്യാ എസ്. അയ്യർ IAS ഉം നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു കുറുപ്പും വായ്പാക്കരാറിൽ ഒപ്പുവച്ചു. 8.40% വാർഷിക പലിശ നിരക്കിലാണ് നബാർഡ് വായ്പ. 2 വർഷം മോറട്ടോറിയവുമുണ്ട്. 15 വർഷം കൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി വായ്പ തിരിച്ചടക്കും.
രാജ്യത്തിൻറെ തന്നെ അഭിമാനപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പ്രോജെക്ടിൽ പണം മുടക്കാൻ നബാർഡ് നേരത്തെതന്നെ താല്പര്യം പ്രകടിപ്പിച്ചിരുന്നു. തുറമുഖത്തിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനായിരിക്കും നബാർഡിന്റെ വായ്പാത്തുക പ്രയോജനപ്പെടുത്തുക. പുലിമുട്ട് നിർമാണം, തുറമുഖനിർമാണത്തിനായുള്ള പി.പി .പി പങ്കാളിക്ക് നൽകാനുള്ള വിഹിതം,
സ്ഥലമേറ്റെടുക്കൽ, ഭൂഗർഭ റെയിൽലൈനിന്റെ പ്രാരംഭപ്രവർത്തങ്ങൾ എന്നിവക്കാവും വായ്പാതുക ചെലവഴിക്കുക.
നബാർഡിന്റെ വായ്പ ലഭ്യമാകുന്നതോടെ തുറമുഖനിർമാണത്തിന്റെ ആദ്യഘട്ടത്തിലെ പ്രധാന സാമ്പത്തിക ബാധ്യതകൾ എല്ലാം പൂർത്തീകരിക്കാൻ സംസ്ഥാന സർക്കാരിനും വിസലിനും കഴിയും. കരാർ അനുസരിച്ച് ഇനിയുള്ള ഘട്ടങ്ങളിൽ നടത്തേണ്ട വികസന പദ്ധതികൾക്ക് പണം കണ്ടത്തേണ്ടത് വ്യാപാരപങ്കാളിയാണ്. കേരളത്തിലെ ഒരു പൊതുമേഖലാസ്ഥാപനത്തിന് ഇതുവരെ ലഭ്യമായ ഏറ്റവും ഉയർന്ന സാമ്പത്തികസഹായമാണ് നബാർഡ് വിസിലിന് നൽകുന്ന 2100 കോടിരൂപയുടെ ഈ വായ്പ.