ഫലസ്തീനികൾ അവരുടെ മണ്ണിൽ തന്നെ നിൽക്കുകയാണ് വേണ്ടത്; അവരെ എവിടേക്കും പറിച്ച് നടേണ്ട ആവശ്യമില്ല : വത്തിക്കാന്‍

വത്തിക്കാൻ സിറ്റി : ഫലസ്തീനികൾ ഗസ്സയിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്നും ഗസ്സയെ അമേരിക്ക ഏറ്റെടുക്കും എന്നുമൊക്കെയുള്ള ട്രംപിന്റെ വിവാദ പ്രസ്താവനയിൽ അഭിപ്രായം രേഖപ്പെടുത്തി വത്തിക്കാനും. ഫലസ്തീനികൾ അവരുടെ മണ്ണിൽ തന്നെ നിൽക്കണം എന്ന നിലപാടാണ് വത്തിക്കാൻ അറിയിച്ചിരിക്കുന്നത്. വത്തിക്കാൻ സ്‌റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോലിന്റേതാണ് പരാമർശം. ഫലസ്തീനിൽ നിന്ന് ആരും എവിടെയും പോകുന്നില്ല എന്നും വത്തിക്കാന്റെ നിർദേശം അതാണെന്നും വ്യാഴാഴ്ച നടന്ന യോഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീനികളെ ഗസ്സയിൽ നിന്ന് മാറ്റിപ്പാർപ്പിക്കുന്നതിൽ ഒരർഥവുമില്ലെന്നും പരോലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അൻസ റിപ്പോർട്ട് ചെയ്തു.
ഫലസ്തീനികളെ കുടിയിറക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ ഫ്രാൻസിസ് മാർപ്പാപ്പ തുടക്കത്തിൽ തന്നെ വിമർശിച്ചിരുന്നു. യുഎസിലെ ബിഷപ്പുമാരെ അഭിസംബോധന ചെയ്ത് അയച്ച കത്തിൽ, ഗസ്സയിൽ നിന്ന് ഫലസ്തീനികളെ കുടിയിറക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് മാർപ്പാപ്പ ചൂണ്ടിക്കാട്ടിയത്. അമേരിക്കയുടെ പുതിയ നയം കുടിയേറ്റക്കാരുടെ ആത്മാഭിമാനം വ്രണപ്പെടുത്തുന്നതാണെന്നും മാർപ്പാപ്പ വിമർശിച്ചിരുന്നു. ഇതിന് തണുപ്പൻ മട്ടിൽ യുഎസ് പ്രതികരിക്കുകയും ചെയ്തു. മാർപ്പാപ്പ സഭയുടെ കാര്യം നോക്കിയാൽ മതിയെന്നും അതിർത്തി സംബന്ധിച്ച പ്രശ്‌നങ്ങൾ ഞങ്ങൾ നോക്കിക്കോളാമെന്നും യുഎസിന്റെ രാഷ്ട്രീയ ഉപദേഷ്ടാവും നിയമജ്ഞനുമായ ടോം ഹോമന്റെ മറുപടി.
പരോലിന്റെ വാക്കുകൾ ഇങ്ങനെ :-
ഫലസ്തീനികൾ അവരുടെ മണ്ണിൽ തന്നെ നിൽക്കുകയാണ് വേണ്ടത്. അവരെ എവിടേക്കും പറിച്ച് നടേണ്ട ആവശ്യമില്ല. വത്തിക്കാന്റെ നിലപാട് അതാണ്- ഒരു കുടിയിറക്കലും വേണ്ട. ഗസ്സയിൽ നിന്ന് ഫലസ്തീനികളെ മാറ്റിയാൽ അത് അനാവശ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കും- പ്രാദേശിപരമായി ഉൾപ്പടെ. ജോർദാൻ ഒക്കെ ഈ നീക്കത്തെ എതിർത്ത് പരസ്യമായി രംഗത്ത് വന്നിരുന്നുവല്ലോ.. അത് തന്നെയല്ല, ഫലസ്തീനികളെ കുടിയൊഴിപ്പിക്കേണ്ടതിന്റെ ഒരാവശ്യവും വത്തിക്കാൻ കാണുന്നില്ല. അതവരുടെ മണ്ണാണ്. അവരവിടെ തന്നെ തുടരട്ടെ… രണ്ട് രാജ്യങ്ങൾ എന്നതാണ് എന്ത് കൊണ്ടും നല്ലത് എന്നാണ് വത്തിക്കാന്റെ അഭിപ്രായം. അത് ജനങ്ങൾക്ക് പ്രതീക്ഷയും നൽകും. ഫലസ്തീനികൾക്ക് അവരുടെ മണ്ണ് പൂർണമായും വിട്ടുനൽകുക.