ഫ്രാൻസിലെ ഡൊസൂളിൽ യേശു ക്രിസ്തു പ്രത്യക്ഷപ്പെട്ടതായ അവകാശവാദം തള്ളി വത്തിക്കാൻ

വത്തിക്കാൻ : ഫ്രാൻസിലെ വടക്കൻ മേഖലയിലെ നോർമാൻഡിയിലെ ഡൊസൂളിൽ യേശു ക്രിസ്തു പ്രത്യക്ഷപ്പെട്ടതായുള്ള അവകാശ വാദങ്ങൾ തള്ളി വത്തിക്കാൻ. ലിയോ മാർപ്പാപ്പയുടെ അംഗീകാരത്തോടെ പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിൽ ആണ് വത്തിക്കാന്റെ ഉന്നത മതസിദ്ധാന്ത വിഭാഗം 1970 മുതലുള്ള അവകാശ വാദം തള്ളിയത്. ഡൊസൂളിൽ ക്രിസ്തു പ്രത്യക്ഷപ്പെട്ടതായുള്ള പ്രചാരണം ആഗോള കത്തോലിക്കാ വിഭാഗത്തിന് അംഗീകരിക്കേണ്ടതില്ലെന്നാണ് വത്തിക്കാൻ വ്യക്തമാക്കിയത്. 1970ൽ ഡൊസൂളിൽ യേശു ക്രിസ്തു 49 തവണ പ്രത്യക്ഷപ്പെട്ടുവെന്നാണ് കത്തോലിക്കാ വിശ്വാസിയായ സ്ത്രീ അവകാശപ്പെട്ടത്. ഡൊസൂളിലെ നഗരത്തിലുള്ള കുന്നിൻ മുകളിൽ 25 അടിയോളം വരുന്ന കുരിശ് സ്ഥാപിക്കാനും യേശു ആവശ്യപ്പെട്ടതായാണ് സ്ത്രീ വിശദമാക്കിയത്.
ഡൊസൂളിലേത് അതീന്ദ്രിയമൂലമുള്ള പ്രത്യക്ഷപ്പെടൽ അല്ലെന്നും അതനുസരിച്ചുള്ള എല്ലാ അവകാശവാദങ്ങളും അസാധുവാണ് എന്നുമാണ് വത്തിക്കാൻ ബുധനാഴ്ച വ്യക്തമാക്കിയത്. കത്തോലിക്ക വിശ്വാസത്തിൽ, യേശുവോ മാതാവായ മറിയമോ ചിലപ്പോഴൊക്കെ അത്ഭുതകരമായി പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനെ അപാരിഷൻ എന്നാണ് വിശേഷിപ്പിക്കുന്നത്. മതപരമായ സന്ദേശങ്ങളും സമാധാനത്തിനായി പ്രാർത്ഥിപ്പിക്കാനോ, ആരാധനാ രീതികൾ നിർദ്ദേശിക്കാനുമായാണ് വിശുദ്ധരുടെ ഇത്തരം അപാരിഷൻ എന്നാണ് വിലയിരുത്താറ്. ഇത്തരം സംഭവങ്ങൾ പരിശോധിക്കുന്നതിനായി കർശനമായ നടപടി ക്രമം ആണ് വത്തിക്കാൻ പിൻ തുടരുന്നത്. ഇത്തരം പ്രത്യക്ഷപ്പെടലുകൾ പണം സമ്പാദനത്തിനായോ ആളുകളെ വഞ്ചിക്കാനായോ ഉപയോഗിക്കരുതെന്നതാണ് വത്തിക്കാൻ വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ കന്യാമറിയത്തെ സഹരക്ഷക എന്നു വിളിക്കുന്നത് ഉചിതമല്ലെന്ന് വ്യക്തമാക്കി വത്തിക്കാൻ നിർദ്ദേശം നൽകിയിരുന്നു.
അമ്മയുടെ വിവേകപൂർണമായ വാക്കുകൾ യേശു കേട്ടിരിക്കാമെങ്കിലും കന്യാമറിയത്തെ സഹരക്ഷക എന്നു വിളിക്കുന്നത് വിശ്വാസസത്യങ്ങൾക്കു നിരക്കുന്നതല്ലെന്ന് ലിയോ പതിനാലാമൻ മാർപാപ്പ ഒപ്പുവച്ച് വിശ്വാസസത്യങ്ങൾക്കായുള്ള കാര്യാലയം പുറത്തിറക്കിയ പുതിയ പ്രബോധനരേഖ വിശദമാക്കുന്നത്. യേശുവിനു ജന്മം നൽകുക വഴി മാനവരാശിയുടെ രക്ഷയ്ക്കുള്ള വാതിൽ തുറന്നത് മറിയമാണ്. എങ്കിലും കുരിശുമരണത്തിലൂടെ യേശുവാണ് ലോകത്തെ രക്ഷിച്ചത്.യേശുവിന്റെ അമ്മ വിശ്വാസികൾക്കെല്ലാം അമ്മയും മധ്യസ്ഥയുമാണ്. എന്നാൽ, മറിയത്തെ എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നു വിളിക്കുന്നത് ഒഴിവാക്കണമെന്നുമാണ് പുതിയ പ്രബോധന രേഖയിലൂടെ വത്തിക്കാൻ നൽകിയിരിക്കുന്ന നിർദ്ദേശം.



