അന്തർദേശീയം

പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു

വാഷിങ്ടൺ : പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ (65) അന്തരിച്ചു. ന്യുമോണിയ ബാധിച്ചാണ് മരണമെന്ന് അദ്ദേഹത്തിന്റെ മകൾ മെഴ്‌സിഡസ് കിൽമർ അറിയിച്ചു. ‘ബാറ്റ്മാൻ ഫോറെവർ’ എന്ന ചിത്രത്തിലെ ബ്രൂസ് വെയ്ൻ എന്ന കഥാപാത്രത്തിലൂടെയും ‘ദി ഡോർസ്’ എന്ന ചിത്രത്തിലെ ജിം മോറിസൺ എന്ന കഥാപാത്രത്തിലൂടെയുമാണ് കിൽമർ ശ്രദ്ധേയനാകുന്നത്.

ലൊസാഞ്ചലസിൽ ജനിച്ച കിൽമർ, വളർന്നത് ചാറ്റ്‌സ്‌വർത്തിലാണ്. ഹോളിവുഡ് പ്രഫഷനൽ സ്‌കൂളിലും ജൂലിയാർഡ് സ്‌കൂളിലുമായാണ് പഠനം പൂർത്തിയാക്കിയത്. 1984ൽ ‘ടോപ്പ് സീക്രട്ട്’ എന്ന സ്പൂഫ് ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. 1991ൽ പുറത്തിറങ്ങിയ ‘ദി ഡോർസ്’ എന്ന സിനിമയിൽ അവതരിപ്പിച്ച ‘മോറിസൺ’ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവതത്തിലെ ഏറ്റവും അവിസ്മരണീയമായ വേഷങ്ങളിലൊന്നാണ്. ‘ടോപ്പ് ഗൺ’, ‘റിയൽ ജീനിയസ്’, ‘വില്ലോ’, ‘ഹീറ്റ്’, ‘ദ് സെയിന്റ്’ എന്നിവയാണ് കിൽമറിന്റെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലത്. ‘ദ് പ്രിൻസ് ഓഫ് ഈജിപ്ത്’ ഉൾപ്പെടെ നിരവധി ആനിമേറ്റഡ് സിനിമകൾക്ക് അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്.

2014ൽ കിൽമറിന് തൊണ്ടയിൽ കാൻസർ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നു ശബ്ദം നഷ്ടപ്പെട്ടെങ്കിലും 2021ൽ ടോം ക്രൂയിസിന്റെ ‘ടോപ്പ് ഗൺ: മാവെറിക്ക്’ എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു. അതേ വർഷം തന്നെ കിൽമറിന്റെ ജീവിതത്തെ ആസ്പദമാക്കി ‘വാൽ’ എന്ന പേരിൽ ഡോക്യുമെന്ററി പുറത്തിറങ്ങി. ‘സോറോ’യിലെ സംഭാഷണത്തിനു ഗ്രാമി പുരസ്കാരത്തിന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button