വിദേശ ധനസഹായം നിർത്തിവയ്ക്കാനുള്ള യുഎസ് തീരുമാനം ദശലക്ഷക്കണക്കിന് എയ്ഡ്‌സ് രോഗികളുടെ മരണത്തിലേക്ക് തള്ളിവിടും : യുഎൻ

ന്യൂയോർക്ക് : വിദേശ ധനസഹായം നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ദശലക്ഷക്കണക്കിന് എയ്ഡ്‌സ് രോഗികളുടെ മരണത്തിനു കാരണമായേക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) മുന്നറിയിപ്പ്. യുഎന്നിന് ഏറ്റവുമധികം ധനസഹായം നൽകുന്ന രാജ്യമാണു യുഎസ്. യുഎന്നിനു മിക്ക ഫണ്ടുകളും യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡവലപ്‌മെന്റ് (യുഎസ്എയ്ഡ്) വഴിയാണു ലഭിക്കുന്നത്.
ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയ ട്രംപ്, യുഎസിന്റെ വിദേശ സഹായത്തിന്റെ ഭൂരിഭാഗവും 3 മാസത്തേക്കു മരവിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. തീരുമാനം പല രാജ്യങ്ങളെയും ഗുരുതരമായി ബാധിക്കുമെന്നും ആഗോളതലത്തിൽ വലിയ പ്രത്യാഘാതുണ്ടാക്കുമെന്നുമാണ് യുഎൻ എയ്ഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ വിന്നി ബയാനിമ പറയുന്നത്.
‘‘എയ്ഡ്‌സ് ദുരിതാശ്വാസ ധനസഹായത്തിന്റെ വലിയൊരു ഭാഗമാണ് ഇല്ലാതായത്. ഈ തുക ലഭിക്കാതിരുന്നാൽ, ചികിത്സ കിട്ടാതെയും മറ്റും ഒട്ടേറെ ആളുകൾ മരിക്കും.’’ – ബയാനിമ ആശങ്കപ്പെട്ടു. യുഎസ് പ്രസിഡന്റിന്റെ എയ്ഡ്‌സ് ദുരിതാശ്വാസ പദ്ധതി പ്രകാരമുള്ള എല്ലാ ജോലികളും 90 ദിവസത്തേക്കു നിർത്തിവയ്ക്കാനും ട്രംപ് ഉത്തരവിട്ടിരുന്നു. ഈ പദ്ധതി പ്രകാരമുള്ള മരുന്നുകൾക്കു പിന്നീടു യുഎസ് ഇളവ് നൽകി.
ഫൗണ്ടേഷൻ ഫോർ എയ്ഡ്സ് റിസർച്ചിന്റെ വിശകലനം അനുസരിച്ച്, യുഎസിന്റെ തീരുമാനം 20 ദശലക്ഷത്തിലധികം എച്ച്ഐവി രോഗികളെയും 2.70 ലക്ഷം ആരോഗ്യ പ്രവർത്തകരെയുമാണ് ബാധിക്കുക. 5 വർഷത്തിനുള്ളിൽ മരണങ്ങൾ പത്തിരട്ടിയായി വർധിച്ച് 6.3 ദശലക്ഷം ആകുമെന്നു യുഎൻ എയ്ഡ്‌സിന്റെ കണക്കുകൾ ഉദ്ധരിച്ച് ബയനിമ പറയുന്നു. ഇതേ കാലയളവിൽ പുതിയ രോഗബാധിതർ 8.7 ദശലക്ഷമായി വർധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
പല ആഫ്രിക്കൻ രാജ്യങ്ങളും വലിയ കടബാധ്യതകളാൽ വലയുകയാണ്. യുഎസ് സഹായമായിരുന്നു അവരുടെ ആശ്വാസം. 1961ൽ സ്ഥാപിതമായ യുഎസ് എയ്ഡ്സിന്റെ വാർഷിക ബജറ്റ് 40 ബില്യൻ ഡോളറിലധികമാണ്. ലോകമെമ്പാടും, പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളിൽ, വികസനം, ആരോഗ്യം തുടങ്ങിയവയെ പിന്തുണയ്ക്കുന്നതിനാണ് പണം ഉപയോഗിച്ചിരുന്നത്.