അന്തർദേശീയം

വിദേശവിദ്യാർഥികളുടെ വിസ ഇന്റർവ്യൂ നിർത്തിവെച്ച് യുഎസ്; സമൂഹമാധ്യമ ഇടപെടലുകൾ നിരീക്ഷിക്കും

ന്യൂയോര്‍ക്ക് : വിദേശ വിദ്യാർഥികൾക്കുള്ള വിസ ഇന്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം. യുഎസിൽ പഠിക്കാനെത്തുന്ന വിദേശവിദ്യാർഥികളുടെ സമൂഹമാധ്യമ ഇടപെടലുകൾ നിരീക്ഷിക്കുന്നതിനുകൂടി വേണ്ടിയാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എഫ്, എം, ജെ വിസ അപേക്ഷകർക്കുള്ള വിസ ഇന്റർവ്യൂകളെയാണ് നടപടി ബാധിക്കുക. അതേസമയം നിലവിൽ ഇന്റർവ്യൂ അപ്പോയിൻമെന്റുകൾ ലഭിച്ചവരെ ഇതു ബാധിക്കില്ല. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ കോൺസുലേറ്റുകൾക്കയച്ച ഉത്തരവിലാണ് നിർദേശമുള്ളത്.

ഫണ്ട് വെട്ടിക്കുറയ്ക്കൽ, ഗവേഷണ പരിപാടികൾ വെട്ടിക്കുറയ്ക്കൽ, കാമ്പസ് പ്രതിഷേധങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് നാടുകടത്തൽ എന്നിവയുൾപ്പെടെ സർവകലാശാലകൾക്കെതിരായ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപകമായ അടിച്ചമർത്തലുകല്‍ ഒരു ഭാഗത്ത് തുടരവെയാണ് വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്ന പുതിയ തീരുമാനവും വന്നിരിക്കുന്നത്.

ഇതിനിടെ, ട്രംപുമായി കോർത്ത ഹാർവഡ് യൂണിവേഴ്സിറ്റിക്കുമേൽ പുതിയ നിയന്ത്രണം കൊണ്ടുവരാവിനും ശ്രമം തുടങ്ങി. എല്ലാ ഫെഡറൽ ഏജൻസികളും ഹാർവഡുമായുള്ള അവരുടെ കരാറുകൾ റദ്ദാക്കുകയോ പുനഃപരിശോധിക്കുകയോ വേണമെന്നാണ് നിര്‍ദേശം. ഫണ്ട് കുറക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.

നേരത്തെയുള്ള സോഷ്യല്‍മീഡിയ പരിശോധന, ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളുടെ മടങ്ങിവരവ് ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ പരിശോധന ഒന്നുകൂടി ശക്തമാക്കുകയാണ് ട്രംപ് ഭരണകൂടം. അതേസമയം ഏത് ഉള്ളടക്കമാണ് വിസ നിഷേധിക്കലിന് കാരണമാകുന്നതെന്ന് പറയുന്നില്ല. അതേസമയം ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിച്ചേക്കും. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് ചൈനയില്‍ നിന്നടക്കം അമേരിക്കയില്‍ ഓരോ വര്‍ഷവും പഠിക്കാനെത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button