അന്തർദേശീയം

ലോകത്തിലാദ്യമായി കുഞ്ഞൻ ആണവനിലയം സൈനിക വിമാനത്തിൽ വിജയകരമായി എത്തിച്ച് യുഎസ്

വാഷിങ്ടൺ ഡിസി : ലോകത്തിലാദ്യമായി ഒരു കുഞ്ഞൻ ആണവനിലയം (Micro Nuclear Reactor) സൈനിക വിമാനത്തിൽ വിജയകരമായി എത്തിച്ച് അമേരിക്ക. അമേരിക്കൻ പ്രതിരോധ-ഊർജ്ജ വകുപ്പുകൾ സംയോജിച്ചാണ് ഈ ദൗത്യം നടത്തിയത്. കാലിഫോർണിയയിൽ നിന്ന് യൂട്ടായിലെ ഹിൽ എയർഫോഴ്‌സ് ബേസിലേക്കാണ് ‘വാർഡ്’ (Ward) എന്ന് പേരിട്ടിട്ടുള്ള ഈ മൈക്രോ റിയാക്ടർ സി-17 ഗ്ലോബ് മാസ്റ്റർ വിമാനത്തിൽ എത്തിച്ചത്.

യുദ്ധത്തിലും വിദൂര പ്രദേശങ്ങളിലും അതിവേഗം വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരീക്ഷണം. കാലിഫോർണിയ ആസ്ഥാനമായ ‘വാലാർ അറ്റോമിക്സ്’ (Valar Atomics) എന്ന കമ്പനിയാണ് ഈ റിയാക്ടർ വികസിപ്പിച്ചത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇന്ധനം നിറയ്ക്കാതെയാണ് റിയാക്ടർ വിമാനത്തിൽ കൊണ്ടുപോയത്.

അഞ്ച് മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കാൻ ഈ റിയാക്ടറിന് സാധിക്കും. ഏകദേശം ഈ അളവ് ഉപയോഗിച്ച് 5,000 വീടുകൾക്ക് വരെ വൈദ്യുതി നൽകാം. ഒരു മിനിവാനിനേക്കാൾ അൽപ്പം മാത്രം വലുതാണ് ഈ ആണവനിലയം. ഡീസൽ ജനറേറ്ററുകൾക്ക് പകരമായി സൈനിക താവളങ്ങളിലും ദുരന്ത മേഖലകളിലും തടസ്സമില്ലാത്ത ഊർജ്ജം ലഭ്യമാക്കുക എന്നതാണ് പ്രാഥമിക ആവിശ്യം. വരും മാസങ്ങളിൽ പരീക്ഷണം പൂർത്തിയാക്കി 2026 ജൂലൈ 4-ഓടെ റിയാക്ടർ പ്രവർത്തനസജ്ജമാക്കാനാണ് ഊർജ്ജ വകുപ്പിന്റെ തീരുമാനം.

അമേരിക്കൻ ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ്, പ്രതിരോധ സെക്രട്ടറി മൈക്കൽ ഡഫി എന്നിവരും ഈ ചരിത്ര യാത്രയിൽ വിമാനത്തിലുണ്ടായിരുന്നു. അമേരിക്കൻ സൈനികർക്ക് യുദ്ധക്കളത്തിൽ ആവശ്യമായ അത്യാധുനിക സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിതെന്ന് മൈക്കൽ ഡഫി പറഞ്ഞു.

ആണവോർജ്ജ ഉത്പാദനം വർധിപ്പിക്കുന്നതിനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ വർഷം ഒപ്പിട്ട നാല് എക്സിക്യൂട്ടീവ് ഉത്തരവുകളുടെ ഭാഗമായാണ് ഈ നടപടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വളർച്ചക്കും ദേശീയ സുരക്ഷക്കും വർധിച്ചുവരുന്ന ഊർജ്ജ ആവശ്യം നിറവേറ്റാൻ ഇത്തരം ചെറിയ റിയാക്ടറുകൾ സഹായിക്കുമെന്ന് ട്രംപ് ഭരണകൂടം അവകാശപ്പെട്ടു.

അതേസമയം, ഈ നീക്കത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. സൗരോർജ്ജം, കാറ്റാടി മില്ലുകൾ എന്നിവയെ അപേക്ഷിച്ച് മൈക്രോ റിയാക്ടറുകളിൽ നിന്നുള്ള വൈദ്യുതിക്ക് ചിലവ് വളരെ കൂടുതലായിരിക്കുമെന്ന് യൂനിയൻ ഓഫ് കൺസേൺഡ് സയന്റിസ്റ്റ്‌സിലെ എഡ്വിൻ ലൈമാൻ ചൂണ്ടിക്കാട്ടി. കൂടാതെ, ചെറിയ റിയാക്ടറുകൾ ആണവ മാലിന്യങ്ങൾ സൃഷ്ടിക്കുന്നത് പരിസ്ഥിതിക്ക് ഭീഷണിയായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

എന്നാൽ മാലിന്യ നിർമ്മാർജ്ജനത്തിനായി യൂട്ടാ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് ഊർജ്ജ വകുപ്പ് അറിയിച്ചു. 2028-ഓടെ ഈ സാങ്കേതികവിദ്യ പൂർണ്ണമായും വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കാനാണ് വാലാർ അറ്റോമിക്സ് ലക്ഷ്യമിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button