അന്തർദേശീയം

യു.എസ് ഷട്ട്ഡൗൺ 31-ാം ദിവസത്തിലേക്ക്​; വിമാന സർവിസുകളിൽ വൻ പ്രതിസന്ധി

വാഷിങ്ടൺ ഡിസി : യു.എസിലെ ട്രംപ് ഭരണകൂടത്തി​ന്റെ അടച്ചുപൂട്ടൽ പ്രക്രിയ 31-ാം ദിവസത്തിലേക്കു കടന്നതോടെ വിമാന സർവിസുകളിൽ രാജ്യവ്യാപക പ്രതിസന്ധി. ഇത് വിമാനങ്ങളുടെ വലിയ കാലതാമസത്തിനിടയാക്കുന്നുവെന്ന റി​പ്പോർട്ടുകളാണ് വരുന്നത്. ‘ഫ്ലൈറ്റ് അവെയർ’ ഡാറ്റ പ്രകാരം യു.എസിലുടനീളം 7,300 വിമാനങ്ങൾ വൈകിയതായും 1,250 എണ്ണം റദ്ദാക്കിയതായും കാണിക്കുന്നു.

യു.എസിലെ ഏറ്റവും തിരക്കേറിയ 30 വിമാനത്താവളങ്ങളിൽ 50 ശതമാനത്തോളവും എയർ ട്രാഫിക് കൺട്രോളർമാരുടെ ക്ഷാമം നേരിടുന്നുണ്ടെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. അടച്ചുപൂട്ടൽ ആരംഭിച്ചതിനുശേഷം കൺട്രോളർമാരുടെ അഭാവം വ്യാപകമായിരിക്കുകയാണ്. ന്യൂയോർക്കാണ് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്ന്. അവിടെ 80 ശതമാനം എയർ ട്രാഫിക് കൺട്രോളർമാരും തൊഴിലിൽനിന്ന് പുറത്തായെന്ന് റെഗുലേറ്റർ പറഞ്ഞു.

എയർ ട്രാഫിക് കൺട്രോൾ സ്റ്റാഫിങ് പ്രശ്നങ്ങൾ വിമാനങ്ങളെ അലട്ടുന്നതിനാൽ ഓസ്റ്റിൻ, ന്യൂവാർക്ക്, നാഷ്‌വില്ലെ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ വിമാനങ്ങൾ വൈകി. ഹ്യൂസ്റ്റൺ, ഡാളസ് എന്നിവിടങ്ങളിലും വൈകാൻ സാധ്യതയുണ്ടെന്ന് റെഗുലേറ്റർ പറഞ്ഞു. നാഷ്‌വില്ലിൽ 61 മിനിറ്റും ഓസ്റ്റിനിൽ 50 മിനിറ്റും ന്യൂവാർക്കിൽ 101 മിനിറ്റും കാലതാമസം നേരിട്ടു. അടുത്ത ദിവസങ്ങളിൽ കൂടുതൽ വിമാന കാലതാമസം ഉണ്ടായേക്കുമെന്ന് യു.എസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു.

എയർ ട്രാഫിക് കൺട്രോളർമാരുടെ അഭാവം ആയിരക്കണക്കിന് വിമാന സർവിസുകളെ ബാധിച്ചതായി ഗതാഗത വകുപ്പ് പറഞ്ഞു. അടച്ചുപൂട്ടൽ മൂലം 13,000 എയർ ട്രാഫിക് കൺട്രോളർമാരും 50,000 ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഓഫിസർമാരും ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നു.

വ്യോമയാന സുരക്ഷാ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി വിമാനക്കമ്പനികൾ ഷട്ട്ഡൗൺ അവസാനിപ്പിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി സ്റ്റോപ്പ്-ഗ്യാപ് ഫണ്ടിങ് ബിൽ വേഗത്തിൽ പാസാക്കണമെന്ന് ഡെൽറ്റ എയർ ലൈൻസ്, യുനൈറ്റഡ് സൗത്ത് വെസ്റ്റ് എയർലൈൻസ്, അമേരിക്കൻ എയർലൈൻസ് എന്നിവ യു.എസ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button