ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍’ ബജറ്റ് ബില്‍ യുഎസ് സെനറ്റ് പാസാക്കി

വാഷിങ്ടണ്‍ ഡിസി : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍’ ബജറ്റ് ബില്‍ യു എസ് സെനറ്റ് പാസാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള യു എസ് സെനറ്റില്‍, 18 മണിക്കൂര്‍ നീണ്ട മാരത്തണ്‍ വോട്ടെടുപ്പിന് ശേഷമാണ് ബില്‍ പാസായത്. 51 വോട്ടിനാണ് ബില്‍ സെനറ്റ് അംഗീകരിച്ചത്. ട്രംപിനെ ഞെട്ടിച്ച് മൂന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കൂറ് മാറി വോട്ട് ചെയ്തു. ഇതോടെ വോട്ടെടുപ്പില്‍ 50-50 എന്ന കണക്കിന് സമനിലയായി.
തുടര്‍ന്ന് സെനറ്റ് അധ്യക്ഷനായ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അനുകൂലിച്ച് വോട്ടുചെയ്തതോടെ ബില്‍ പാസ്സായത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളായ ടോം ടില്ലിസ്, റാന്‍ഡ് പോള്‍, സൂസന്‍ കോളിന്‍സ് എന്നിവരാണ് ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തത്. ഏകദേശം 1,000 പേജുള്ള ബില്ലില്‍ സെനറ്റര്‍മാര്‍ നിരവധി ഭേദഗതികള്‍ ആവശ്യപ്പെടുകയും ചര്‍ച്ച നടത്തുകയും ചെയ്തതോടെയാണ് വോട്ടെടുപ്പ് നീണ്ടത്.
ആകെ 100 അംഗങ്ങളുള്ള സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 53 അംഗങ്ങളും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 45 അംഗങ്ങളുമാണ് ഉള്ളത്. ബില്‍ ഇനി യു എസ് ജനപ്രതിനിധി സഭയുടെ പരിഗണനയ്‌ക്കെത്തും. സാമൂഹിക ക്ഷേമ പദ്ധതികൾ വെട്ടിക്കുറയ്ക്കാനും ദേശീയ കടത്തിൽ 3 ട്രില്യൺ ഡോളർ കൂട്ടിച്ചേർക്കാനും ഉദ്ദേശിച്ചുള്ള ബില്ലാണ് ട്രംപ് അവതരിപ്പിച്ചത്. സൈനിക ചെലവ് വർദ്ധിപ്പിക്കുക, കൂട്ട നാടുകടത്തലിനും അതിർത്തി സുരക്ഷയ്ക്കും ധനസഹായം നൽകുക എന്നിവയാണ് ബില്ലിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. ജനപ്രതിനിധിസഭയും ബിൽ പാസ്സാക്കി, യുഎസിന്റെ സ്വാതന്ത്ര്യദിനമായ വെള്ളിയാഴ്ച ബില്ലിൽ ഒപ്പിടണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്.