ഇറാനെതിരെ പുതിയ ഉപരോധവുമായി യുഎസ്

ന്യൂയോർക്ക് : ഒമാൻ മധ്യസ്ഥതയിൽ ഇറാനും യുഎസും തമ്മിൽ ആണവ നിരായുധീകരണ ചർച്ചയുടെ നാലാം റൗണ്ട് പിന്നിട്ടപ്പോൾ ഇരു രാജ്യങ്ങളും വലിയ പ്രതീക്ഷയിലാണ്. അതേസമയം, ചർച്ചകൾ നടക്കുന്നതിനിടെയും തിങ്കളാഴ്ച ഇറാനെതിരെ യുഎസ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ ഉപരോധങ്ങൾ മൂന്ന് ഇറാനിയൻ പൗരന്മാരെയും ടെഹ്റാനിലെ ഓർഗനൈസേഷൻ ഓഫ് ഡിഫൻസീവ് ഇന്നവേഷൻ ആൻഡ് റിസർച്ചുമായി ബന്ധമുള്ള ഒരു ഇറാനിയൻ സ്ഥാപനത്തെയും ലക്ഷ്യമിട്ടുള്ളതാണ്. “ഇറാൻ ഇപ്പോഴും അവരുടെ ആണവ പദ്ധതി ഗണ്യമായി വികസിപ്പിക്കുകയും ആണവായുധങ്ങൾക്കും ആണവായുധ വിതരണ സംവിധാനങ്ങൾക്കുമായി ഗവേഷണ വികസന പ്രവർത്തനങ്ങൾ നടത്തുന്നതും തുടരുകയാണ്,” യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
ആണവായുധങ്ങളില്ലാത്ത, യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനത്തിലേക്ക് എത്തിയ ലോകത്തിലെ ഏക രാജ്യം ഇറാൻ ആണെന്ന് മാർക്കോ പറഞ്ഞു. 2015ലെ ആണവ കരാറിനു കീഴിൽ നിശ്ചയിച്ചിരുന്ന പരമാവധി 3.67 ശതമാനത്തേക്കാൾ വളരെ കൂടുതലാണ് ഇത്. ഒരു ആണവായുധം നിർമിക്കുന്നതിന് 90 ശതമാനം സമ്പുഷ്ടീകരണം ആവശ്യമാണ്.
ഇറാനുമായുള്ള നാലാം റൗണ്ട് ചർച്ചകൾ അവസാനിച്ച് ഒരു ദിവസത്തിനു ശേഷമാണ് യുഎസ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചത്. ചർച്ചകൾക്കു ശേഷം കാര്യമായ പുരോഗതിയൊന്നും പ്രഖ്യാപിച്ചില്ലെങ്കിലും ഇരുപക്ഷവും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.