കമല ഹാരിസിന് പിന്തുണ ഏറുന്നു, അഭിപ്രായ സർവേയിൽ ഏഴ് പോയിന്റ് ലീഡ്
വാഷിങ്‌ടൻ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാര്‍ഥി കമല ഹാരിസിന് ഭൂരിപക്ഷം പ്രവചിച്ച് റോയിട്ടേഴ്സ് – ഇപ്സോസ് സർവേ.യുഎസ് മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാര്‍ഥിയുമായ ഡോണൾഡ് ട്രംപിനെക്കാൾ ഏഴ് പോയിന്‍റ് ലീഡാണ് കമല സർവേകളിൽ നേടിയിരിക്കുന്നത്. കമല ഹാരിസിന് 47 ശതമാനവും ഡൊണൾഡ് ട്രംപിന് 40 ശതമാനവും പോയിന്റാണ് സർവേ പ്രവചിക്കുന്നത്.
സെപ്റ്റംബർ 12ന് അവസാനിച്ച റോയിട്ടേഴ്സ് – ഇപ്സോസ് സർവേയിൽ ട്രംപിനു മേൽ നേടിയ അഞ്ച് പോയിന്റ് ലീഡിനെ മറികടന്നാണ് കമല ലീഡ് ഉയർത്തിയത് എന്നാതാണ് ശ്രദ്ധേയം. നവംബർ അഞ്ചിനാണ് അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. സംവാദത്തിലെ പ്രകടനം പ്രശംസ നേടിയതിനു പിന്നാലെയാണ് കമല ഹാരിസ് ലീഡ് നിലയിൽ മുന്നേറ്റം നടത്തുന്നത്.
ജോ ബൈഡൻ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ്, കമല ഹാരിസ് ഡെമാക്രാറ്റിക്ക് പാർട്ടി സ്ഥാനാർഥിയാകുന്നത്. ജൂലൈയിലാണ് ജോ ബൈഡൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് അറിയിച്ചത്. അനാരോഗ്യവും ട്രംപുമായി നടത്തിയ സംവാദത്തിലെ മോശം പ്രകടനവും എല്ലാം ബൈഡൻ പിന്മാറാനുള്ള കാരണങ്ങളായി വിലയിരുത്തുന്നു. ആ സമയത്ത് ട്രംപിനായിരുന്നു മുന്നേറ്റം പ്രവചിച്ചിരുന്നത്.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള റോയിട്ടേഴ്‌സ്-ഇപ്‌സോസ് നടത്തിയ സര്‍വേയിലും ബൈഡനേക്കാള്‍ ട്രംപിനായിരുന്നു മുന്നേറ്റം. സമ്പദ്‌വ്യവസ്ഥ, തൊഴിലില്ലായ്മ, ജോലി എന്നീ മേഖലകളില്‍ ട്രംപിനെയായിരുന്നു തെരഞ്ഞെടുത്തിരുന്നത്. അഞ്ച് മുതൽ എട്ട് പോയിന്റിന്റെ വ്യത്യാസമാണ് ട്രംപും ബെഡനും തമ്മില്‍ ഈ മേഖലയിൽ ഉണ്ടായിരുന്നത്. ബൈഡന്‍ മാറി കമല എത്തിയെങ്കിലും ട്രംപിന് കോട്ടം സംഭവിക്കില്ലെന്നായിരുന്നു ആദ്യ വിലയിരുത്തലുകള്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന സര്‍വേഫലങ്ങളില്‍ കമലയാണ് മുന്നിട്ടുനില്‍ക്കുന്നത്.