86 രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

വാഷിങ്ടണ്‍ : 86 രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. യുഎസ് വ്യാപാര നിയമം വകുപ്പ് 301 പ്രകാരമുള്ള നടപടി (ഏപ്രില്‍ 9 മുതല്‍) ഇന്ത്യന്‍ സമയം പകല്‍ 9.30 ഓടെ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
പുതിയ നിയമം അനുസരിച്ച ചൈനയ്ക്ക് മേല്‍ 104 ശതമാനം പകരം തീരുവയാണ് ട്രംപ് സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്. യുഎസ് ഉത്പന്നങ്ങള്‍ക്ക് ചൈന ചുമത്തിയ 34 ശതമാനം അധിക തീരുവ പിന്‍വലിക്കാത്ത പശ്ചാത്തലത്തിലാണ് തീരുവ നൂറ് ശതമാനത്തിലധികം ചുമത്തിയിരിക്കുന്നത്. നികുതി കുറയ്ക്കുന്നതിനായി ചൈനയ്ക്ക് തിങ്കളാഴ്ച വരെ ട്രംപ് സമയം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ചൈന തയ്യാറിയിരുന്നില്ല.
തീരുവ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി 77 രാജ്യങ്ങള്‍ ഇതുവരെ യുഎസിനെ സമീപിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായിട്ടായിരിക്കും ഇത് സംബന്ധിച്ച ആദ്യ ചര്‍ച്ചകള്‍.
അതേസമയം, യുഎസിന്റെ പകരം തീരുവ പ്രഖ്യാപനം ആഗോള ഓഹരി വിപണിയില്‍ ഉണ്ടാക്കിയ തിരിച്ചടി തുടരുകയാണ്. അമേരിക്കന്‍ ഓഹരി വിപണി കുത്തനെ ഇടിയുന്ന കാഴ്ചയായിരുന്നു ചൊവ്വാഴ്ചയും കണ്ടത്. ഡോ ജോണ്‍സ് സൂചിക 320 പോയിന്റ് കുറവില്‍ ആണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക്ക് സൂചിക 335 പോയിന്റ് ഇടിവില്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 80 പോയിന്റാണ് ചൊവ്വാഴ്ച മാത്രം ഇടിഞ്ഞത്.