അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദർശനം; യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് സൗദിയിലേക്ക്

റിയാദ് : അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദർശനം വീണ്ടും സൗദിയിലേക്ക് നടത്താൻ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ഖത്തർ, യുഎഇ രാഷ്ട്രങ്ങളും ഇക്കൂട്ടത്തിൽ സന്ദർശിക്കും. ഗസ്സ, റഷ്യ, യുക്രൈൻ വിഷയങ്ങളിലെ ചർച്ചകളും വ്യാപാര വാണിജ്യ കരാറുകളാണ് ലക്ഷ്യം. കഴിഞ്ഞ തവണയും പ്രസിഡണ്ടായപ്പോൾ ട്രംപിന്റെ ആദ്യ സന്ദർശനം സൗദിയിലേക്കായിരുന്നു.
ഒരു ട്രില്യൺ ഡോളറിന്റെ നിക്ഷേപം യുഎസിലേക്ക് ലക്ഷ്യം വെച്ചാണ് ട്രംപ് സൗദിയിലേക്കെത്തുന്നത്. ധനകാര്യ, പ്രതിരോധ, ആയുധക്കരാറുകൾ ഇതിലുണ്ടാകും. മാർച്ചിലും ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അടുത്ത മാസം തുടക്കത്തിൽ സന്ദർശനമുണ്ടാകുമെങ്കിലും തീയതി തീരുമാനമായിട്ടില്ല.
സൗദിയുമായുള്ളതിന് സമാന കരാറുകൾ യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളുമായും ഒപ്പുവെക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതുവഴി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗസ്സയിലെ ആക്രമണം, റഷ്യ-യുക്രൈൻ യുദ്ധം എന്നിവയും ചർച്ചയാകും. ഈ വിഷയങ്ങളിൽ സൗദി നേതൃത്വത്തിൽ നടന്ന ചർച്ചകൾ യുഎസ് വിദേശ നയത്തിൽ സ്വാധീനമുണ്ടാക്കിയിരുന്നു.
ആദ്യമായി പ്രസിഡണ്ടായ ശേഷം ട്രംപിന്റെ ആദ്യ വിദേശ സന്ദർശനം 2017ൽ സൗദിയിലേക്കായിരുന്നു. രണ്ടാം തവണയും സൗദിയിലേക്കാണെന്ന കൗതുകം ഇത്തവണയുണ്ട്. അബ്രഹാം അക്കോഡ്‌സിന്റെ അടിസ്ഥാനത്തിൽ ഇസ്രായേലുമായി കൂടുതൽ രാജ്യങ്ങളെ നയതന്ത്ര ബന്ധത്തിലേക്കെത്തിക്കാൻ ട്രംപിന് പദ്ധതിയുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് സൗദിയുമായുള്ള ബന്ധം. എന്നാൽ ഗസ്സ യുദ്ധത്തോടെ സൗദിക്ക് ഇസ്രായേൽ ബന്ധത്തിലേക്ക് നീങ്ങാൻ തടസ്സമുള്ളതായി വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. ഇസ്രായേൽ ബന്ധം സ്ഥാപിക്കാൻ ഫലസ്തീൻ രാഷ്ട്രത്തിലേക്കുള്ള വഴി തുറക്കണമെന്നതാണ് സൗദിയുടെ നിലപാട്. ഇതിന് ഇസ്രായേൽ സന്നദ്ധമാകാത്തതിനാൽ ഈ ചർച്ചകൾ വഴിമുട്ടുമെന്നാണ് സൂചന.