‘അതെന്റെ പോക്കറ്റില്‍ നിന്ന് നല്‍കാം’; സുനിത വില്യംസിനും ബുച്ച് വില്‍മോറിനുമുള്ള ഓവര്‍ടൈം അലവന്‍സിനെക്കുറിച്ച് ട്രംപ്

വാഷിങ്ടണ്‍ : അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തിയ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ലഭിക്കേണ്ട അധിക തുക താന്‍ നല്‍കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എട്ട് ദിവസത്തെ ബഹികാശയ ദൗത്യവുമായി പോയ സുനിത വില്യംസും ബുച്ച് വില്‍മോറും സാങ്കേതിക തകരാര്‍ മൂലം ഒന്‍പത് മാസമാണ് ബഹിരാകാശത്ത് കുടുങ്ങിയത്.
ബഹിരാകാശത്ത് ചെലവിട്ട അധിക ദിവസങ്ങളില്‍ ലഭിക്കേണ്ട ഓവര്‍ടൈം വേതനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ട്രംപിന്റെ പ്രഖ്യാപനം. ഓരോ അധിക ദിവസങ്ങള്‍ക്കും വില്‍മോറിനും സുനിത വില്യംസിനും പ്രതിദിനം അഞ്ച് ഡോളര്‍ വീതമാണ് അധിക വേതനം ലഭിച്ചതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടറായിരുന്നു ട്രംപിന്റെ മുന്നില്‍ അവതരിപ്പിച്ചത്.
അങ്ങനെയെങ്കില്‍ ഇരുവര്‍ക്കും അധിക 287 ദിവസങ്ങള്‍ക്കായി 1430 ഡോളര്‍ അധികം ലഭിക്കുമെന്ന് കണക്കാക്കി പറഞ്ഞ ട്രംപ് ഈ പണം വേണമെങ്കില്‍ താന്‍ സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കാം എന്നറിയിക്കുകയായിരുന്നു. ‘ഇത്രകുറച്ചാണോ ലഭിക്കുന്നത്, അതെനിക്ക് അറിയില്ലായിരുന്നു, ഈ തുക എന്റെ പോക്കറ്റില്‍ നിന്ന് നല്‍കും. അതുറപ്പായും അവർക്കായി വാങ്ങി നല്‍കും.’ ട്രംപ് പറഞ്ഞു.
അതേസമയം, ബഹിരാകാശ യാത്രികരെ ഭൂമിയില്‍ തിരികെ എത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ടെസ്ല, സ്പേസ് എക്സിന്റെ തലവനും യുഎസ് ഗവണ്‍മെന്റിലെ എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ് (ഡോഗ്) മേധാവിയുമായ എലോണ്‍ മസ്‌കിനും ട്രംപ് നന്ദി പറഞ്ഞു. അദ്ദേഹം ഇല്ലായിരുന്നു എങ്കില്‍ എന്തുസംഭവിക്കുമായിരുന്നു എന്ന് ചിന്തിക്കാനാകില്ലെന്നായിരുന്നു ട്രംപിന്റെ നിലപാട്.
ബഹിരാകാശ ദൗത്യത്തിന് സുനിതയ്ക്കും വില്‍മോറിനും എത്രരൂപ പ്രതിഫലം ലഭിക്കുമെന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ബഹിരാകാശ യാത്രികര്‍ക്ക്, ഓവര്‍ടൈം ആനുകൂല്യങ്ങള്‍ ഒന്നുമില്ലാതെ സ്റ്റാന്‍ഡേര്‍ഡ് ശമ്പളം മാത്രമാണ് ലഭിക്കുക എന്നതായിരുന്നു വിദഗ്ധരുടെ അഭിപ്രായം. ഇത് പ്രകാരം
നാസയില്‍ ശമ്പള സ്‌കെയിലില്‍ ഉയര്‍ന്ന റാങ്കായ ജി എസ്-15 ലാണ് സുനിത വില്യംസും ബുച്ച് വില്‍മോറും ഉള്‍പ്പെടുന്നത്. ഇവരുടെ അടിസ്ഥാന ശമ്പളം പ്രതിവര്‍ഷം 125,133 മുതല്‍ 162,672 യുഎസ് ഡോളര്‍ (ഏകദേശം 1.08 കോടി മുതല്‍ 1.41 കോടി രൂപ) വരെയാണ്. രണ്ടുപേരുടെയും ശരാശരി ശമ്പളം 93,850 യുഎസ് ഡോളര്‍ മുതല്‍ 122,004 യുഎസ് ഡോളര്‍ (ഏകദേശം 81 ലക്ഷം മുതല്‍ 1.05 കോടി രൂപ വരെ) ആണ്. 1,148 യുഎസ് ഡോളര്‍ യാത്രാബത്ത കൂടി ചേര്‍ത്താല്‍, അവരുടെ മൊത്തം വരുമാനം 94,998 യുഎസ് ഡോളറിനും 123,152 യുഎസ് ഡോളറിനും (ഏകദേശം 82 ലക്ഷം മുതല്‍ 1.06 കോടി രൂപ വരെ ) ഇടയില്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.