ബ്രിട്ടനിൽ വൻ തോതിൽ സൈനിക വിമാനങ്ങൾ ലാൻഡ് ചെയ്യുന്നു; യുഎസ് കൂടുതൽ സൈനിക നടപടികളിലേക്കെന്ന് റിപ്പോർട്ട്

ലണ്ടൻ : യുഎസ് കൂടുതൽ സൈനിക നടപടികളിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. ശനിയാഴ്ച മുതൽ വൻതോതിൽ യുഎസിന്റെ സൈനിക വിമാനങ്ങൾ ബ്രിട്ടനിൽ ലാൻഡ് ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 14 സി-17 ഗ്ലോബ്മാസ്റ്റർ-3 കാർഗോ ജെറ്റുകളും 2 സായുധ എസി-130ജെ ഗോസ്റ്റ്‌റൈഡർ ഗൺഷിപ്പുകളും ബ്രിട്ടനിലെ വിവിധ സൈനിക കേന്ദ്രങ്ങളിൽ ഇറങ്ങിയതായാണ് റിപ്പോർട്ട്.
ലാൻഡ് ചെയ്തിരിക്കുന്ന ഗോസ്റ്റ്‌റൈഡറിന് പീരങ്കികൾ, ബോംബുകൾ, മിസൈലുകൾ എന്നിവ വഹിക്കാൻ ശേഷിയുള്ളതാണ്. ഗ്ലോബ്മാസ്റ്ററിൽ എത്തിച്ചതായി കരുതുന്ന 5 എംഎച്ച്-60എം ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഒരു എംഎച്ച്-47ജി ചിനൂക്കും ബ്രിട്ടീഷ് ഹാംഗറുകളിൽ എത്തിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. യുകെയുടെ പ്രധാന പ്രതിരോധ, സുരക്ഷാ പങ്കാളിയാണ് യുഎസ്. ബുധനാഴ്ച വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വച്ച് റഷ്യൻ പതാകയുള്ള എണ്ണ ടാങ്കർ മരിനീര പിടിച്ചെടുക്കാൻ വേണ്ടിയായിരുന്നു സൈനിക സജ്ജീകരണം നടത്തിയതെന്നും സൂചനയുണ്ട്.



