ലഹരിമരുന്നു കടത്ത് : പസഫിക് സമുദ്രത്തിൽ മൂന്നു ബോട്ടുകൾ ആക്രമിച്ച് യുഎസ് സൈന്യം

വാഷിങ്ടൺ ഡിസി : ലഹരിമരുന്നു കടത്ത് ആരോപിച്ച് പസഫിക് സമുദ്രത്തിൽ യുഎസ് സൈന്യം മൂന്നു ബോട്ടുകൾ ആക്രമിച്ചു. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നിർദേശത്തെ തുടർന്നാണ് ആക്രമണം നടത്തിയതെന്നും എട്ടു പേർ കൊല്ലപ്പെട്ടെന്നും യുഎസ് സതേൺ കമാൻഡ് അറിയിച്ചു. ലഹരിമരുന്നു കടത്ത് സംഘങ്ങൾക്കെതിരെ സെപ്റ്റംബർ രണ്ടിന് ആരംഭിച്ച പ്രവർത്തനങ്ങളുടെ തുടർച്ചയാണെന്നും നടപടി തുടരുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.
ലഹരിമരുന്നു കടത്ത് സംഘങ്ങൾക്കു നേരെയുള്ള നടപടിയെ കുറിച്ച് വിശദീകരിക്കാൻ സെനറ്റർമാരുടെ യോഗം ചേരുമെന്ന് യുഎസ് സെനറ്റ് മൈനോറിറ്റി ലീഡർ ചക്ക് ഷുമ്മർ അറിയിച്ചു. യു.എസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവർ യോഗത്തിൽ സംസാരിക്കുമെന്നാണ് സൂചന.
ലഹരിമരുന്നു കടത്ത് ആരോപിച്ച് വെനസ്വേലയ്ക്കെതിരെ യുഎസ് നടപടി കടുപ്പിച്ചിരിക്കുകയാണ്. കരീബിയൻ കടലിലേക്ക് ആയിരക്കണക്കിന് സൈനികരെയും വിമാനവാഹിനിക്കപ്പൽ വ്യൂഹത്തെയും അയച്ചതും വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കെതിരെ ആവർത്തിച്ചുള്ള ഭീഷണികളും ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.



