യുഎസിൽ പലസ്തീൻ, സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാ വിലക്ക്

വാഷിങ്ടൺ ഡിസി : സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാരെയും പലസ്തീൻ അതോറിറ്റിയുടെ പാസ്‌പോർട്ട് കൈവശമുള്ളവരെയും യുഎസിൽ പ്രവേശിക്കുന്നത് വിലക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിനെ ഭീഷണിപ്പെടുത്താൻ ഉദ്ദേശിക്കുന്ന വിദേശികളെ നിരോധിക്കാനാണ് ട്രംപിന്റെ നീക്കമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. വിദേശികൾ യുഎസിന്റെ സംസ്കാരം, സർക്കാർ, സ്ഥാപനങ്ങൾ അല്ലെങ്കിൽ സ്ഥാപക തത്വങ്ങൾ എന്നിവയെ ദുർബലപ്പെടുത്തുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്നത് തടയാൻ ട്രംപ് ആഗ്രഹിക്കുന്നതായും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു. സിറിയയിൽ രണ്ട് യുഎസ് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ട്രംപിന്റെ നീക്കം.
ആഫ്രിക്കയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളായ ബുർക്കിന ഫാസോ, മാലി, നൈജർ, സിയറ ലിയോൺ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും തെക്കുകിഴക്കൻ ഏഷ്യയിലെ ലാവോസിൽ നിന്നുള്ളവർക്കുമാണ് സിറിയയെ കൂടാതെ പ്രവേശനവിലക്ക് പുതുതായി ഏർപ്പെടുത്തിയത്. നൈജീരിയ, കരീബിയൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാർക്ക് ട്രംപ് ഭാഗിക യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്.
സൊമാലിയക്കാരുടെ യുഎസ് പ്രവേശനം ട്രംപ് ഇതിനോടകം നിരോധിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, മ്യാൻമർ, സുഡാൻ, യെമൻ എന്നിവയാണ് യുഎസിൽ പൂർണ യാത്രാ നിരോധനം നേരിടുന്ന മറ്റ് രാജ്യങ്ങൾ. അംഗോള, ആന്റിഗ്വ ആൻഡ് ബാർബുഡ, ബെനിൻ, ഡൊമിനിക്ക, ഗാബൺ, ഗാംബിയ, ഐവറി കോസ്റ്റ്, മലാവി, മൗറിറ്റാനിയ, സെനഗൽ, ടാൻസാനിയ, ടോംഗ, സാംബിയ, സിംബാബ്‍വെ എന്നീ രാജ്യങ്ങൾക്ക് ഭാഗിക നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.



