യുഎസ് ഫെഡറൽ റിസർവ് പ്രധാന പലിശനിരക്ക് കാൽശതമാനം കുറച്ചു

വാഷിങ്ടൺ ഡിസി : യുഎസ് ഫെഡറൽ റിസർവ് ബുധനാഴ്ച പ്രധാന പലിശനിരക്ക് കാൽശതമാനം കുറച്ചു. ഈ വർഷം ആദ്യമായാണ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നത്. ഹ്രസ്വകാല പലിശനിരക്ക് 4.3 ശതമാനത്തിൽനിന്ന് ഏകദേശം 4.1 ശതമാനമായാണ് കുറച്ചത്. ഈ വർഷം രണ്ടുതവണ കൂടി നിരക്ക് കുറയ്ക്കുമെന്നും 2026-ൽ ഒരു തവണകൂടി നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചതായും അധികൃതർ ബുധനാഴ്ച അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതിനുശേഷം കുടിയേറ്റം, നികുതി, മറ്റ് ട്രംപ് നയങ്ങൾ എന്നിവ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പണപ്പെരുപ്പത്തെയും എങ്ങനെ സ്വാധീനിക്കുന്നുയെന്ന് വിലയിരുത്തുന്നതിനുവേണ്ടിയാണ് ഡിസംബർ മുതൽ ഫെഡ് റിസർവ് നിരക്കുകളിൽ മാറ്റംവരുത്താതിരുന്നത്.
എന്നാൽ രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചതെന്ന് ഫെഡ് റിസർവ് ചെയർപേഴ്സൺ ജെറോം പവൽ പറഞ്ഞു.