ഹൂതി വിമതര്‍ക്കെതിരായ രഹസ്യവിവരങ്ങൾ ഭാര്യയോടും സഹോദരനോടും പങ്കുവെച്ച് യുഎസ് പ്രതിരോധസെക്രട്ടറി; വൻ വീഴ്ച, വിവാദം

വാഷിങ്ടണ്‍ : ഹൂതി വിമതര്‍ക്കെതിരായ യു.എസിന്‍റെ ആക്രമണം സംബന്ധിച്ച രഹസ്യവിവരങ്ങൾ പുറത്തുവിട്ടെന്ന് യു.എസ്. ഡിഫന്‍സ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരായി ആരോപണം. യെമനിലെ ഹൂതി വിമതര്‍ക്ക് നേരെ യുഎസ് നടത്തിയ ആക്രമണങ്ങൾ സംബന്ധിച്ച രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പീറ്റ് ഹെഗ്‌സെത്ത് കുടുംബാംഗങ്ങളോടും സുഹൃത്തുകളോടും പങ്കുവെച്ചതായാണ് റിപ്പോര്‍ട്ട്. തന്റെ സ്വകാര്യ ഫോണിൽനിന്ന് സിഗ്നല്‍ ആപ്പിലെ ഗ്രൂപ്പ് ചാറ്റ് വഴിയാണ് വിവരങ്ങള്‍ പങ്കുവെച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡിഫന്‍സ് സെക്രട്ടറിയായി പീറ്റ് നിയമിതനാകുന്നതിന് മുന്‍പ് ഉണ്ടാക്കിയതാണ് ഈ ഗ്രൂപ്പ് ചാറ്റ്. ഡിഫന്‍സ് സെക്രട്ടറിയായി നിയമിതനായ ശേഷവും സ്വകാര്യ ഫോണിലൂടെ ഈ സിഗ്നല്‍ ഗ്രൂപ്പ് ചാറ്റ് പീറ്റ് ഉപയോഗിച്ചിരുന്നു. ഇതിലൂടെ തന്റെ ഭാര്യയോടും സഹോദരനോടും അഭിഭാഷകനോടും രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പീറ്റ് പങ്കുവെച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹെഗ്‌സെത്തിന്റെ ഭാര്യയും ഫോക്‌സ് ന്യൂസിന്റെ മുന്‍ പ്രൊഡ്യൂസറുമായ ജെന്നിഫര്‍ റൗജെത്ത് പ്രതിരോധ വകുപ്പില്‍ ഔദ്യോഗിക പദവികളൊന്നും വഹിക്കാതെതന്നെ നയതന്ത്ര യോഗങ്ങളില്‍ പീറ്റിനൊപ്പം പങ്കെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പീറ്റിന്റെ സഹോദരനായ ഫില്‍ ഹെഗ്‌സെത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയില്‍ മുതിര്‍ന്ന ഉപദേഷ്ടാവായി ജോലിയില്‍ പ്രവേശിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
യെമനിലെ ഹൂത്തികളുടെ താവളങ്ങള്‍ ആക്രമിക്കുന്നതിന്റെ വിശദമായ പദ്ധതികള്‍ ചര്‍ച്ചചെയ്യാനുള്ള സിഗ്നല്‍ ആപ്പിലെ ഗ്രൂപ്പില്‍ ‘ദ അറ്റ്‌ലാന്റിക്’ മാഗസിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ജെഫെറി ഗോള്‍ഡ്‌ബെര്‍ഗിനെ ഉൾപ്പെടുത്തിയതും വിവാദമായിരുന്നു. സംഭവത്തിൽ അമേരിക്കന്‍ പ്രസിഡന്റിന്റെ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ മൈക്ക് വാള്‍ട്ട്‌സിനെതിരേ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പീറ്റ് ഹെഗ്‌സെത്തിനേക്കുറിച്ചുള്ള വാര്‍ത്തയും പുറത്തുവന്നത്.