ആശങ്കകൾക്കിടെ യു.എസ്-ചൈന സൈനിക യോഗം

വാഷിങ്ടൺ : ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റ ശേഷം ആദ്യമായി കൂടിക്കാഴ്ച നടത്തി യു.എസിന്റെയും ചൈനയുടെയും സൈനിക ഉന്നത ഉദ്യോഗസ്ഥർ. ചൈനയുടെ കിഴക്കൻ നഗരമായ ഷാങ്ഹായിലാണ് ബുധൻ, വ്യാഴം ദിവസങ്ങളിൽ കൂടിക്കാഴ്ച നടന്നത്. തായ്വാന് ചുറ്റുമുള്ള വ്യോമ, നാവിക അതിർത്തിയിൽ ചൈന വൻ സൈനിക പരിശീലനം നടത്തിയതിന് പിന്നാലെയായിരുന്നു യോഗം.
സുരക്ഷിതമല്ലാത്തതും നിലവാരമില്ലാത്തതുമായ ചൈനീസ് നാവിക, വ്യോമസേന നടപടികൾ കുറക്കുകയെന്ന ലക്ഷ്യമിട്ടാണ് യോഗം വിളിച്ചതെന്ന് യു.എസ് ഇന്തോ-പസഫിക് കമാൻഡ് അറിയിച്ചു. അതേസമയം, തെറ്റിദ്ധാരണക്ക് കാരണമാകുകയും പരമാധികാരത്തെയും സുരക്ഷയെയും അപകടത്തിലാക്കുകയും ചെയ്യുന്ന തരത്തിൽ വ്യോമ, നാവിക മേഖലക്കടുത്ത് യു.എസ് സൈനിക കപ്പലുകളും വിമാനങ്ങളും രഹസ്യാന്വേഷണവും സർവേകളും അഭ്യാസ പ്രകടനങ്ങളും നടത്തുന്നതായി ചൈന യോഗത്തിൽ ചൂണ്ടിക്കാട്ടി.
പ്രകോപന നീക്കങ്ങളോട് പ്രതികരിക്കുന്നതും പരമാധികാരവും നാവിക അവകാശവും താൽപര്യവും സംരക്ഷിക്കുന്നതും തുടരുമെന്ന് വ്യക്തമാക്കിയതായി മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. തായ്വാൻ, ദക്ഷിണ ചൈന കടൽ തുടങ്ങിയ വിഷയങ്ങളിൽ ചൈനയും യു.എസും തമ്മിലുള്ള ബന്ധം കുറച്ചു വർഷങ്ങളായി നല്ലനിലയിലല്ല.