അന്തർദേശീയം

1996ൽ സിവിലിയൻ വിമാനങ്ങൾ വെടിവെച്ചിട്ടു; ക്യൂബൻ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോക്കെതിരെ കൊലകുറ്റംചുമത്തി യുഎസ്

വാഷിങ്ടൺ ഡിസി : ക്യൂബയിലെ സോഷ്യലിസ്റ്റ് സർക്കാറിനെതിരെ സമ്മർദ്ദ തന്ത്രങ്ങളുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടം. 1996ൽ ക്യൂബക്കും ​ഫ്ലോറിഡക്കും ഇടയിൽ രണ്ട് സിവിലിയൻ വിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിൽ ക്യൂബൻ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോക്കെതിരെ യു.എസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ ഔദ്യോഗികമായി കുറ്റംചുമത്തി. കൊലപാതകം, ഗൂഢാലോചന, വിമാനം തകർക്കൽ എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

ക്യൂബൻ-അമേരിക്കൻ ഗ്രൂപ്പായ ബ്രദേഴ്സ് ടു ദി റെസ്ക്യുവിന്റെ വിമാനം വെടിവെച്ച് വീഴ്ത്തി മൂന്ന് അമേരിക്കക്കാർ ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേസിൽ റൗൾ കാസ്ട്രോക്കും മറ്റ് അഞ്ച് പേർക്കുമെതിരെയാണ് കുറ്റം ചുമത്തിയത്. സഹോദരനും ക്യൂബൻ വിപ്ലവനായകനുമായ ഫിദൽ കാസ്ട്രോയുടെ മന്ത്രിസഭയിൽ പ്രതിരോധനമന്ത്രിയായിരുന്നു അന്ന് റൗൾ.

യു.എസിലെ മിയാമിയിൽവെച്ച് വിമാന വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചും മറ്റ് ഉന്നത നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥരും പ്രഖ്യാപനം നടത്തിയത്. അതേസമയം, ആരോപണങ്ങൾ നിയമപരമായ അടിത്തറയില്ലാത്ത രാഷ്ട്രീയ കുതന്ത്രം ആണെന്ന് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ് കാനൽ പറഞ്ഞു. ക്യൂബൻ ഭരണത്തിൽ രാഷ്ട്രീയ, സാമ്പത്തിക പരിഷ്‍കാരങ്ങൾ വരുത്താൻ യു.എസ് സമ്മർദ്ദം ചുമത്തുന്നതിനിടെയാണ് ക്യൂബയിലെ കമ്യൂണിസ്റ്റ് നേതൃത്വത്തിലെ പ്രധാന വ്യക്തിക്കെതിരെ നീതിന്യായ വകുപ്പിന്റെ കുറ്റപത്രം.

ക്യൂബൻ വിപ്ലവസംഘടനയായ ബ്രദേഴ്സ് ടു ദ റെസ്ക്യൂ എന്ന സംഘത്തിന്റെ രണ്ട് ചെറിയ വിമാനങ്ങളാണ് ക്യൂബൻ സൈന്യം വെടിവെച്ചിട്ടത്. റൗൾ കാസ്ട്രോയെ അമേരിക്കയിലേക്ക് കൊണ്ടുവന്ന് കുറ്റം ചുമത്താനുള്ള സാധ്യതകളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ വാറണ്ട് ഉണ്ടെന്നായിരുനനു ബ്ലാഞ്ചെയുടെ മറുപടി. എന്നാൽ, റൗൾ കാസ്ട്രോയെ പിടികൂടാൻ അമേരിക്ക ശ്രമിക്കുമോ എന്ന് അദ്ദേഹം സ്ഥിരീകരിച്ചില്ല. പക്ഷേ ‘സ്വന്തം ഇഷ്ടപ്രകാരമോ മറ്റേതെങ്കിലും വിധത്തിലോ അദ്ദേഹം ഇവിടെ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു മറുപടി.

വിമാനം വെടിവെച്ചിട്ട കേസിൽ റൗളിനെതിരായ അന്വേഷണം പുനരാരംഭിക്കണമെന്ന് ഫ്ലോറിഡയിലെ നിരവധി റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് മയാമിയിലെ യു.എസ്. അറ്റോർണി, പ്രോസിക്യൂട്ടർമാരുടെ പ്രത്യേക പ്രവർത്തകസംഘത്തിനു രൂപം നൽകി. വിമാനവെടിവെപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനക്ക് ഇതുവരെ ഒരാളെമാത്രമേ യു.എസ്. കുറ്റക്കാരനായി വിധിച്ചിരുന്നുള്ളുവെന്നും പറയുന്നു.

ക്യൂബക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയും എണ്ണ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതോടെ വൈദ്യുതി തടസ്സപ്പെടുകയും ഭക്ഷ്യക്ഷാമം രൂക്ഷമാവുകയും ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ നീക്കം ക്യൂബക്കെതിരായ സൈനിക നടപടിക്ക് യു.എസ്. വഴിയൊരുക്കുകയാണോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്.

ജനുവരിയിൽ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോക്കെതിരെ സമാനരീതിയിൽ കുറ്റം ചുമത്തി​യ ശേഷം അദ്ദേഹത്തെ പിടികൂടി യു.എസിലേക്ക് കൊണ്ടുവരാൻ സൈനിക നടപടി നടത്തിയിരുന്നു. നീതിന്യായ വകുപ്പ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയതിനെ തുടർന്നായിരുന്നു ആ നീക്കം. ഇത് യു.എസുമായുള്ള വെനിസ്വേലയുടെ ബന്ധത്തെ മാറ്റിമറിച്ചു.

അതേസമയം, ക്യൂബയിൽ ഈ നീക്കം ഫലം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് നിഗമനം. ഏകദേശം ഒരു ദശാബ്ദം മുമ്പ് കാസ്ട്രോ വിരമിച്ചതിനാൽ വെനിസ്വേലയിലുണ്ടായതുപോലെ ഒരു രാഷ്ട്രീയ അട്ടിമറിക്ക് ക്യൂബയിൽ സാധ്യതയില്ല. ഫിദൽ കാസ്ട്രോയുടെ സഹോദരനായ 95 വയസ്സിനടുത്ത് പ്രായമുള്ള റൗൾ കാസ്ട്രോ ക്യൂബയിൽ ഇപ്പോഴും സ്വാധീനമുള്ള വ്യക്തിയാണ്. ക്യൂബൻ വിപ്ലവത്തിന്റെ നേതാവ് എന്നാണ് റൗളിനെ വിശേഷിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button