ഇറാനെതിരായ യുദ്ധം നിർണായക ഘട്ടത്തിൽ; കരസേനാ മേധാവിയെ സ്ഥാനത്തുനിന്ന് നീക്കി യുഎസ്

വാഷിങ്ടൺ ഡിസി : ഇറാനെതിരായ യുദ്ധം നിർണായക ഘട്ടത്തിലെത്തി നിൽക്കെ യുഎസ് കരസേനാ മേധാവി ജനറൽ റാൻഡി ജോർജിനെ സ്ഥാനത്തുനിന്ന് നീക്കി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നിർദ്ദേശപ്രകാരമാണ് രാജിവക്കുന്നതെന്നാണ് ഔദ്യോഗിക അറിയിപ്പിൽ പറയുന്നത്. റാൻഡി ജോർജ് രാജിവെച്ചതായും 41ാമത് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തുനിന്ന് അദ്ദേഹം ഉടൻ വിരമിക്കുമെന്നും പെന്റഗൺ വക്താവ് ഷോൺ പാർനെൽ അറിയിച്ചു. യുദ്ധം നടന്നുകൊണ്ടിരിക്കെ ഒരു സൈനിക ജനറലിനെ പുറത്താക്കുന്നത് യുഎസ് ചരിത്രത്തിൽ തന്നെ അത്യപൂർവമായ നടപടിയാണ്.
സാധാരണ നാല് വർഷം കാലാവധിയുള്ള സ്ഥാനത്ത് ഒരു വർഷത്തിലേറെ ബാക്കി നിൽക്കെയാണ് ജോർജിനെ നീക്കിയത്. 2023ൽ ജോ ബൈഡനാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത്. സേനയുടെ ട്രാൻസ്‌ഫോർമേഷൻ ആൻഡ് ട്രെയിനിംഗ് കമാൻഡ് മേധാവി ജനറൽ ഡേവിഡ് ഹോഡ്നെയും മറ്റൊരു മുതിർന്ന ജനറലിനെയും പുറത്താക്കിയതായും റിപ്പോർട്ടുണ്ട്.
എന്നാൽ പുറത്താക്കലിന് പിന്നിലെ കൃത്യമായ കാരണം പെന്റഗൺ വെളിപ്പെടുത്തിയിട്ടില്ല. ഗൾഫ് യുദ്ധം, ഇറാഖ്, അഫ്ഗാനിസ്ഥാൻ അധിനിവേശം എന്നിവയിൽ നിർണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് റാൻഡി ജോർജ്.
ഇറാനിൽ കരയാക്രമണത്തിന് യുഎസ് തയ്യാറെടുക്കുന്നതിനിടെയാണ് ഈ അഴിച്ചുപണി എന്നത് ശ്രദ്ധേയമാണ്. നിലവിൽ നാവിക – വ്യോമ സേനകളാണ് പ്രധാനമായും ആക്രമണം നടത്തുന്നത്. എന്നാൽ വ്യോമ പ്രതിരോധത്തിനായി കരസേനയെയും പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുണ്ട്. ഏകദേശം നാലര ലക്ഷത്തോളം സജീവ സൈനികരുള്ള യുഎസിലെ ഏറ്റവും വലിയ സൈനിക വിഭാഗമാണ് കരസേന.
ഇറാനുമേൽ രാജ്യം ഏതാണ്ട് വിജയം വരിച്ചുകഴിഞ്ഞെന്നും സൈന്യം ലക്ഷ്യത്തോടടുക്കുകയാണെന്നും കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് അവകാശപ്പെട്ടിരുന്നു. ഈ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് സൈനിക നേതൃത്വത്തിലെ ഈ അപ്രതീക്ഷിത മാറ്റങ്ങൾ.



