രാസായുധങ്ങൾക്കെതിരെ ഐക്യരാഷ്‌ട്ര രക്ഷാ സമിതിയിൽ ഇന്ത്യ; നൽകിയത് നിർണ്ണായക മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ യുദ്ധങ്ങള്‍ പുതിയ രൂപങ്ങള്‍ കൈവരിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ.
ഐക്യരാഷ്‌ട്ര രക്ഷാ സമിതി യോഗത്തിലാണ് ഇന്ത്യ രാസായുധങ്ങളെക്കുറിച്ചുള്ള ആശങ്ക എടുത്തുപറഞ്ഞത്. ലോകരാഷ്‌ട്രങ്ങളടക്കം രാസായുധ നിരോധന നിയമം കര്‍ശനമായി പാലിക്കണമെന്ന് ഇന്ത്യ എടുത്തുപറഞ്ഞു. രക്ഷാ സമിതിയുടെ ബയോളജിക്കല്‍ ആന്റ് ടോക്‌സിന്‍ വെപ്പണ്‍ എന്ന വിഷയത്തിലെ നിര്‍ണ്ണായക യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ആര്‍.രവീന്ദ്രയാണ് ഇന്ത്യയ്‌ക്കുവേണ്ടി സമ്മേളനത്തില്‍ പങ്കെടുത്തത്.
‘ഇന്ത്യ രാസായുധ-വിഷായുധ നിര്‍മ്മാണത്തിലും ഉപയോഗത്തിലുമുള്ള നിരോധനത്തെ ശക്തമായി പിന്തുണയ്‌ക്കുന്നു. ഏത് രാജ്യങ്ങളെന്ന് നോക്കാതെയുള്ള ശക്തമായ നിരോധനവും അച്ചടക്കവുമാണ് പാലിക്കപ്പെടേണ്ടത്. മനുഷ്യവംശത്തെ ആകെ തകര്‍ക്കുന്ന എല്ലാത്തരം ആയുധങ്ങളും ഇല്ലാതാക്കാന്‍ എല്ലാവരും ഒരേ മനസ്സോടെ ശ്രമിക്കണം. വിഷയങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യാനും സഹകരണത്തോടെ പ്രവര്‍ത്തിക്കാനും എല്ലാ രാജ്യങ്ങളും തയ്യാറാകണം’ രവീന്ദ്ര പറഞ്ഞു. മുന്‍പ് അഫ്ഗാനിലെ ഭീകരര്‍ക്ക് രാസായുധം സിറിയ വഴി ലഭിക്കാനിടയുണ്ടെന്ന മുന്നറിയിപ്പ് ഇന്ത്യ നല്‍കിയിട്ടുണ്ട്.
അമേരിക്ക യുക്രെയ്ന് രാസായുധം നല്‍കിയെന്ന ആരോപണം റഷ്യ സഭയില്‍ ഉന്നയിച്ചു. എന്നാല്‍ അമേരിക്കയും യുക്രെയ്‌നും റഷ്യയുടെ ആരോപണത്തെ നിഷേധിച്ചു. ഇതിനിടെ റഷ്യാ-യുക്രെയ്ന്‍ യുദ്ധത്തിനെ ഏറെ ആശങ്കയോടെയാണ് കാണുന്നതെന്നും ചര്‍ച്ചകള്‍ കൂടുതല്‍ നല്ലതിലേക്ക് നയിക്കട്ടെയെന്നും രവീന്ദ്ര പറഞ്ഞു.