അന്തർദേശീയം

പശ്ചിമ ഓസ്‌ട്രേലിയയിലെ ഇരുമ്പയിര് ഖനിക്ക് സമീപം കത്തുന്ന നിലയിൽ ആകാശത്ത് നിന്ന് താഴെ വീണ് അജ്ഞാത വസ്തു

പെർത്ത് : പശ്ചിമ ഓസ്‌ട്രേലിയയിലെ ഇരുമ്പയിര് ഖനിക്ക് സമീപം കത്തുന്ന നിലയിൽ ഒരു വസ്തു ആകാശത്ത് നിന്ന് താഴെ പതിച്ചു. ബഹിരാകാശ അവശിഷ്ടങ്ങളായിരിക്കാം ഇതെന്നാണ് സംശയം. ശനിയാഴ്ചയാണ് സംഭവം. അധികൃതർ ഈ വസ്തു സുരക്ഷിതമായി മാറ്റിയെന്നും പൊതുജനങ്ങൾക്ക് നിലവിൽ ഭീഷണിയൊന്നുമില്ലെന്നും അറിയിച്ചു. ഉത്ഭവത്തെക്കുറിച്ച് ഊഹാപോഹങ്ങൾ ഉയർന്നതോടെ ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. എങ്കിലും, സെപ്റ്റംബറിൽ വിക്ഷേപിച്ച ഒരു ചൈനീസ് റോക്കറ്റിന്‍റെ ഭാഗമായിരിക്കാം ഇതെന്നാണ് വിദഗ്ധരുടെ നിഗമനം.

വ്യാഴാഴ്ച പശ്ചിമ ഓസ്‌ട്രേലിയൻ പൊലീസ് ഫോഴ്‌സ് പുറത്തുവിട്ട ഒരു വീഡിയോയിൽ, ഉദ്യോഗസ്ഥർ വസ്തുവിലേക്ക് നടന്നുനീങ്ങുന്നതും അത് പരിശോധിക്കുന്നതും കാണാം. “പ്രാഥമിക വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത് ഈ വസ്തു കാർബൺ ഫൈബർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്നും ഇത് കോമ്പോസിറ്റ്-ഓവർറാപ്പ്ഡ് പ്രഷർ വെസ്സൽ അല്ലെങ്കിൽ റോക്കറ്റ് ടാങ്ക് ആയിരിക്കാമെന്നും ആണ്, ഇത് എയ്‌റോസ്‌പേസ് ഘടകങ്ങളുമായി പൊരുത്തപ്പെടുന്നതാണ്,” പൊലീസ് അറിയിച്ചു.

അന്വേഷണം ആരംഭിച്ച അധികൃതർ ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോയുമായി കൂടിയാലോചന നടത്തിയിരുന്നു. ഈ വസ്തു ഒരു വാണിജ്യ വിമാനത്തിൽ നിന്നുള്ളതല്ലെന്ന് അവർ സ്ഥിരീകരിച്ചു. “വസ്തു ഇപ്പോഴും അന്വേഷണത്തിലാണ്, എങ്കിലും അതിന്‍റെ സ്വഭാവസവിശേഷതകൾ മുൻപ് രേഖപ്പെടുത്തിയ ബഹിരാകാശ അവശിഷ്ടങ്ങളുമായി ഒത്തുപോകുന്നതാണ്” ഡബ്ല്യുഎ പൊലീസ് ഫോഴ്സ് അറിയിച്ചു. കൂടുതൽ സാങ്കേതിക വിലയിരുത്തലുകൾക്ക് ശേഷം ഓസ്‌ട്രേലിയൻ സ്പേസ് ഏജൻസിയിലെ എഞ്ചിനീയർമാർ വസ്തുവിന്‍റെ സ്വഭാവവും ഉറവിടവും സ്ഥിരീകരിക്കും.

സമയവും സ്ഥലവും കണക്കിലെടുക്കുമ്പോൾ ഇത് ഒരു ചൈനീസ് റോക്കറ്റിൽ നിന്നുള്ള അവശിഷ്ടമായിരിക്കാനാണ് സാധ്യതയെന്ന് പ്രമുഖ ബഹിരാകാശ പുരാവസ്തു ഗവേഷകയായ ആലീസ് ഗോർമൻ അഭിപ്രായപ്പെട്ടു. “ഇതൊരു ജീലോംഗ് റോക്കറ്റിന്‍റെ നാലാമത്തെ സ്റ്റേജ് ആണെന്ന് തോന്നുന്നുവെന്ന് ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറായ ഗോർമൻ പറഞ്ഞു. “സെപ്റ്റംബർ അവസാനമാണ് ജീലോംഗ് റോക്കറ്റ് ഒരെണ്ണം വിക്ഷേപിച്ചത്. ഉപേക്ഷിക്കപ്പെട്ട കൃത്രിമോപഗ്രഹങ്ങൾ, ബഹിരാകാശ വാഹനങ്ങളുടെ ഭാഗങ്ങൾ തുടങ്ങിയ ബഹിരാകാശ അവശിഷ്ടങ്ങൾ നിയന്ത്രണമില്ലാതെ ഭൂമിയിൽ പതിക്കാനുള്ള സാധ്യതയെന്ന വർദ്ധിച്ചുവരുന്ന പ്രശ്നത്തിലേക്കും ഈ സംഭവം വെളിച്ചം വീശുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button