വാഷിംഗ്ടണിലെ തന്ത്രപ്രധാന കേന്ദ്രത്തിനു സമീപം അജ്ഞാത ഡ്രോൺ

വാഷിംഗ്ടൺ ഡിസി : യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സത്തും താമസിക്കുന്ന വാഷിംഗ്ടണിലെ ആർമി ബേസിനു സമീപമുള്ള ഫോർട്ട് മക്നെയറിൽ അജ്ഞാത ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്.
കഴിഞ്ഞ പത്തു ദിവസമായി രാത്രികാലങ്ങളിൽ ഡ്രോണുകൾ കണ്ടതായാണു അമേരിക്കൻ മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. ഡ്രോണിന്റെ ഉറവിടം അജ്ഞാതമാണെന്നും പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ വാഷിംഗ്ടൺ ഡിസിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം അറിയിച്ചു.
യുഎസ് ഭരണസിരാകേന്ദ്രമായ കാപിറ്റോൾ ഹില്ലിനും വൈറ്റ് ഹൗസിനും സമീപമാണ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിലെ മുതിർന്ന ഓഫീസർമാരുൾപ്പെടെ താമസിക്കുന്നതും പ്രശസ്തമായ നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നതുമായ ഫോർട്ട് മക്നെയർ.



