ഇറാൻ -ഇസ്രായേൽ സംഘർഷം : ഇന്ന് അടിയന്തര യു.എൻ രക്ഷാ സമിതിയോഗം
ടെൽ അവീവ് : ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ സംസാരിച്ചു. ഇറാനെതിരെ പ്രത്യാക്രമണം പാടില്ലെന്ന് ബൈഡൻ നിർദേശിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേൽ ടുഡേ റിപ്പോർട്ട് ചെയ്തു.
യുദ്ധം വ്യാപിക്കാതിരിക്കാൻ മേഖലയിലെ രാജ്യങ്ങളുമായി അമേരിക്ക ആശയവിനിമയം നടത്തും. യു.എസ് ദേശീയ സുരക്ഷാ വിഭാഗം മേഖലയിലെ സഖ്യരാജ്യങ്ങളുമായി ചർച്ച ആരംഭിച്ചതായും പെൻറഗൺ അറിയിച്ചു. കൂടാതെ വിഷയത്തിൽ യു.എൻ രക്ഷാ സമിതി ഇന്ന് അടിയന്തര യോഗം ചേരുന്നുണ്ട്. അതേസമയം, സംയമനം പാലിക്കണമെന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടു. യുദ്ധം മേഖലയെ വൻനാശത്തിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നൽകി.ഇറാനെതിരെ പ്രത്യാക്രമണത്തിന് മിനി മന്ത്രിസഭാ യോഗം നെതന്യാഹുവിനെ ചുമതലപ്പെടുത്തി. ലെബനാന് നേരെ ശനിയാഴ്ച രാത്രി ഇസ്രായേൽ ആക്രമണം നടത്തുകയും ചെയ്തു. കഴിഞ്ഞദിവസം ഇസ്രായേലുമായി ബന്ധമുള്ള കപ്പൽ ഇറാൻ പിടിച്ചെടുത്തിരുന്നു.