വെനസ്വേലയിലെ യുഎസ് ഇടപെടൽ അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനം : യുഎൻ

ബെർലിൻ : വെനസ്വേലയിലെ യുഎസ് ഇടപെടൽ അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനമാണെന്നും ഈ സൈനികനടപടിക്കുശേഷം ലോകത്തിന്റെ സുരക്ഷിതത്വം വീണ്ടും കുറഞ്ഞെന്നും യുഎൻ മനുഷ്യാവകാശ ഓഫീസ് അഭിപ്രായപ്പെട്ടു. യുഎസിന്റെ സൈനികനടപടിയെ അന്താരാഷ്ട്രസമൂഹം അപലപിക്കണമെന്നും ആവശ്യപ്പെട്ടു.
“ഒരു രാജ്യത്തിന്റെ അഖണ്ഡതയ്ക്കും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുമെതിരേ മറ്റൊരു രാജ്യം സമ്മർദമോ ബലപ്രയോഗമോ നടത്താൻ പാടില്ലെന്ന അന്താരാഷ്ട്രനിയമങ്ങളുടെ അടിസ്ഥാനതത്ത്വം വെനസ്വേലയിൽ ലംഘിക്കപ്പെട്ടു. ഇക്കാര്യം ഊന്നിപ്പറയാൻ അന്താരാഷ്ട്രസമൂഹം ഒറ്റക്കെട്ടായി ഏക സ്വരത്തിൽ മുന്നോട്ടുവരണം. -ഓഫീസ് വക്താവ് രവീണ ഷംദസാനി പറഞ്ഞു.
“ഇത്തരം സൈനികനടപടി അന്താരാഷ്ട്ര സുരക്ഷാ ഘടനയെ തകർക്കുകയും ഓരോ രാജ്യത്തെയും കൂടുതൽ അരക്ഷിതമാക്കുകയും ചെയ്യും. കരുത്തന്മാർക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാമെന്ന സൂചനയാണ് ഇതു നൽകുന്നത്” -അവർ പറഞ്ഞു.
വെനസ്വേലയുടെ ഭാവി അവിടത്തെ ജനതയാണു തീരുമാനിക്കേണ്ടതെന്നും കൂടുതൽ സൈനിക ഇടപെടൽ രാജ്യത്തെ മനുഷ്യാവകാശ പ്രതിസന്ധി രൂക്ഷമാക്കുമെന്നും രവീണ മുന്നറിയിപ്പുനൽകി.



