ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തി; യുഎൻ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്

ന്യൂയോർക്ക് സിറ്റി : ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്ര സഭ നിയോഗിച്ച അന്വേഷണ കമ്മീഷൻ. 2023-ൽ ഹമാസുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം അന്താരാഷ്ട്ര നിയമപ്രകാരം നിർവചിക്കപ്പെട്ട അഞ്ച് വംശഹത്യകളിൽ നാലെണ്ണവും ഇസ്രായേൽ നടത്തിയെന്ന് പറയാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. ഒരുവിഭാഗത്തെ ഉന്മൂലനം ചെയ്യുക, ശാരീരികവും മാനസികവുമായ ഗുരുതരമായ ഉപദ്രവം വരുത്തുക, വിഭാഗത്തെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വ്യവസ്ഥകൾ മനഃപൂർവ്വം സൃഷ്ടിക്കുക, ജനനം തടയുക തുടങ്ങിയ നടപടികൾ ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടായെന്നും യുഎൻ റിപ്പോർട്ട് വ്യക്തമാക്കി. വംശഹത്യ നടത്താനുള്ള ഉദ്ദേശ്യത്തിന്റെ തെളിവായി ഇസ്രായേൽ നേതാക്കളുടെ പ്രസ്താവനകളെയും ഇസ്രായേൽ സേനയുടെ പെരുമാറ്റരീതികളെയും റിപ്പോർട്ടിൽ ഉദ്ധരിച്ചു. അതേസമയം, യുഎൻ റിപ്പോർട്ട് വളച്ചൊടിച്ചതും വ്യാജവുമാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കമ്മീഷനിലെ മൂന്ന് വിദഗ്ധരും ഹമാസിന്റെ പ്രോക്സികളായി പ്രവർത്തിക്കുകയും എല്ലാവരും തള്ളിക്കളഞ്ഞ ഹമാസിന്റെ വ്യാജങ്ങളെ പൂർണ്ണമായും ആശ്രയിക്കുകയും ചെയ്തുവെന്ന് ഇസ്രായേൽ വക്താവ് ആരോപിച്ചു.
അന്താരാഷ്ട്ര മാനുഷിക, മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനങ്ങൾ നടന്നോ എന്നന്വേഷിക്കുന്നതിനായി 2021-ൽ യുഎൻ മനുഷ്യാവകാശ കൗൺസിൽ അധിനിവേശ ഫലസ്തീൻ പ്രദേശത്തെക്കുറിച്ചുള്ള സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ സ്ഥാപിച്ചു. റുവാണ്ടയിലെ വംശഹത്യയെക്കുറിച്ചുള്ള അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ പ്രസിഡന്റും ദക്ഷിണാഫ്രിക്കൻ മുൻ യുഎൻ മനുഷ്യാവകാശ മേധാവിയുമായ നവി പിള്ളയാണ് മൂന്നംഗ വിദഗ്ദ്ധ സമിതിയുടെ അധ്യക്ഷൻ.
1948 ലെ വംശഹത്യ കൺവെൻഷൻ പ്രകാരം നിർവചിച്ചിരിക്കുന്ന അഞ്ച് വംശഹത്യകളിൽ നാലെണ്ണം ഇസ്രായേലി അധികാരികളും ഇസ്രായേലി സേനയും ഒരു വിഭാഗത്തിനെതിരെ നടത്തിയെന്ന് കമ്മീഷന്റെ ഏറ്റവും പുതിയ റിപ്പോർട്ട് ആരോപിക്കുന്നു. ഇസ്രായേൽ നേതാക്കളുടെ പ്രസ്താവനകൾ വിശകലനം ചെയ്ത കമ്മീഷൻ, പ്രസിഡന്റ് ഐസക് ഹെർസോഗ്, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവർ വംശഹത്യക്ക് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചു.
എന്നാൽ, ഗാസയിലെ ജനതക്ക് നേരെയല്ല, ഹമാസിന് നേരെയാണ് തങ്ങളുടെ പോരാട്ടമെന്ന് ഇസ്രായേൽ വ്യക്തമാക്കി. തങ്ങളുടെ സൈന്യം അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും സാധാരണക്കാർക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ലഘൂകരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഇസ്രായേൽ പറയുന്നു. ഇസ്രായേലിൽ വംശഹത്യയ്ക്ക് ശ്രമിച്ച പാർട്ടിയാണ് ഹമാസെന്നും 1,200 പേരെ കൊന്നൊടുക്കിയെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നും ഇസ്രായേൽ പറഞ്ഞു. കുടുംബങ്ങളെ ജീവനോടെ ചുട്ടുകൊല്ലുകയും എല്ലാ ജൂതന്മാരെയും കൊല്ലുക എന്ന ലക്ഷ്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തവരാണ് ഹമാസെന്നും ഇസ്രായേൽ പറഞ്ഞു. 2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയതെന്നും ഇസ്രായേൽ വിശദീകരിച്ചു.