യുക്രെയ്ൻ യുദ്ധം യുറോപ്യൻ യൂണിയനിലേക്കും!; വ്യോമാതിർത്തി ലംഘിച്ച റഷ്യൻ ഡ്രോണുകൾ വെടിവെച്ചിട്ട് പോളണ്ട്

വാഴ്സോ : റഷ്യൻ ഡ്രോണുകൾ വെടിച്ചെിട്ട് പോളണ്ട്, നാറ്റോ സൈന്യങ്ങൾ. പോളണ്ടിന്റെ വ്യോമാതിർത്തിക്കുള്ളിൽ വന്ന ഡ്രോണുകളാണ് വെടിവെച്ചിട്ടത്. ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച രാവിലെ വരെ പോളണ്ടിലേക്ക് ഡ്രോണുകൾ എത്തിയിരുന്നു. ഇത് പോളിഷ്, നാറ്റോ സൈന്യങ്ങൾ ചേർന്ന് വെടിവെച്ചിട്ടത്.പോളിഷ് വ്യോമാതിർത്തി ലംഘിച്ച ഡ്രോണുകളാണ് ഇത്തരത്തിൽ വെടിവെച്ചിട്ടത്. ഡ്രോൺ പോലുള്ള വസ്തുക്കൾ നിരവധി തവണ പോളിഷ് വ്യോമതിർത്തി കടന്ന് എത്തിയെന്ന് സൈനിക മേധാവി പറഞ്ഞു. ഇത് തങ്ങളുടെ പൗരൻമാർക്ക് ഭീഷണിയാണെന്നും പോളണ്ട് വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് മൂന്ന് എയർപോർട്ടുകൾ പോളണ്ട് അടച്ചു. വാഴ്സോയിലെ ചോപിൻ എയർപോർട്ടും അടച്ചിരുന്നു. ആളുകളോട് വീടുകൾക്കുള്ളിൽ തന്നെ കഴിയാനും സർക്കാർ മുന്നറിയിപ്പ് നൽകി. യുക്രെയ്നുമായി അതിർത്തിപങ്കിടുന്ന സ്ഥലങ്ങളിൽ ജീവിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു.
ഞങ്ങൾ യുദ്ധത്തിലാണെന്ന് ഇപ്പോൾ പറയാനാവില്ല. എന്നാൽ, ഗൗരവകരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് പോളിഷ് പ്രധാനമന്ത്രി ഡോണാൾഡ് ടസ്ക് പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള വലിയൊരു സൈനിക യുദ്ധത്തിന് പോളണ്ട് സാക്ഷ്യം വഹിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്നിലെ കിയവിലുള്ള പ്രധാന സർക്കാർ ഓഫീസുകളെ ലക്ഷ്യമിട്ട് റഷ്യ ഡ്രോണാക്രമണം തുടരുകയാണ്. ആക്രമണത്തിൽ കിയവിലെ യുറോപ്യൻ യൂണിയൻ,ബ്രിട്ടീഷ് കൗൺസിൽ ബിൽഡിങ്ങുകൾ തകർന്നിരുന്നു. ഇതിന് പിന്നാലെയാണ് യുക്രെയ്ൻ ലക്ഷ്യമിട്ടുള്ള ഡ്രോണുകൾ റഷ്യ വെടിവെച്ചിട്ടത്.
ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് റഷ്യയുടെ ആദ്യ ഡ്രോൺ പോളണ്ട് അതിർത്തിയിൽ എത്തതിയതെന്ന് പോളിഷ് പ്രധാനമന്ത്രി ടസ്ക് പാർലമെന്റിനെ അറിയിച്ചു. 19 തവണ ഇത്തരത്തിൽ ലംഘനങ്ങളുണ്ടായെന്ന് അദ്ദേഹം അറിയിച്ചു. എത്ര ഡ്രോണുകൾ അതിർത്തികടന്ന് എത്തിയെന്ന് വ്യക്തമല്ലെന്നും പോളിഷ് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള പ്രകോപനം നേരിടാൻ പോളണ്ട് തയാറാണ്. എത് സാഹചര്യവും രാജ്യം അഭിമുഖീകരിക്കും. ഞങ്ങളുടെ സഖ്യകക്ഷികളും ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.