അന്തർദേശീയം

യുക്രെയ്ൻ യുദ്ധം: റഷ്യയെ നേരിടാൻ ഒരുങ്ങി നാറ്റോ: കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ അയ്‌ക്കും


വാഷിങ്ടൺ: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം കൂടുതൽ ശക്തമാക്കുന്ന സാഹചര്യത്തിൽ നാറ്റോ കൂടുതൽ സൈന്യത്തെ യുക്രെയ്‌ന് സഹായത്തിനായി
അയയ്ക്കും. റഷ്യ അധിനിവേശം യുക്രെയ്നെ പ്രതിരോധത്തിലാക്കുന്നുവെങ്കിലും പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണയിൽ യുക്രെയ്ൻ ശക്തമായ തിരിച്ചടിയാണ് നൽകുന്നത്. യുക്രെയ്‌ന്റെ തന്ത്രപ്രധാനമായ മരിയുപോൾ പിടിച്ചെടുക്കാൻ റഷ്യയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
സൈനികരെ നൽകുന്നത് ഒരു സാധാരണ പ്രക്രിയമാത്രമാണെന്നു പറഞ്ഞ നാറ്റോജനറൽ സെക്രട്ടറി ജെൻസ് സ്‌റ്റോൾടെൻബർഗ് റഷ്യ ആഗ്രഹിക്കാത്തത് ഞങ്ങൾ കൊടുക്കുമെന്നും പ്രതികരിച്ചു. റഷ്യയ്ക്ക് വേണ്ടാത്തത് കൃത്യമായി കൃത്യസമയം വരുമ്പോൾ ലഭിക്കും. അത് കൂടുതലോ കുറവോ ആവില്ലെന്നും നാറ്റോ സഖ്യം യുക്രെയ്‌നുവേണ്ടി യുദ്ധം ചെയ്യുമെന്ന സൂചന നൽകി സ്‌റ്റോൾടെൻ ബർഗ് പ്രതികരിച്ചു.
നാറ്റോ യുദ്ധസംഘങ്ങൾ ഭാവിയിൽ ബാൾട്ടിക് മുതൽ കരിങ്കടൽ വരെ നീളുമെന്നും അദ്ദേഹം പറഞ്ഞു. നാറ്റോ മാത്രമല്ല ജി7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും യുക്രെയ്‌ന് പിന്തുണയുമായി രംഗത്തുണ്ട്. 25 രാജ്യങ്ങളിലെ സൈന്യങ്ങൾ നോർവ്വെയിൽ പരിശീലത്തിലാണ്.

നാറ്റോയിൽ അംഗങ്ങളല്ലാത്ത രണ്ട് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളായ സ്വീഡനും ഫിൻലൻഡും നോർവേയിലെ പരിശീലനത്തിന് സൈനികരെ അയച്ചിട്ടുണ്ട്. റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ അവർ നാറ്റോയുമായി കൂടുതൽ അടുക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. സഖ്യത്തിലെ ആർക്കുനേരെ വരുന്ന ആക്രമണവും തങ്ങളെ ഓരോരുത്തരെയും ബാധിക്കുമെന്ന വികാരമാണ് സഖ്യത്തിന്റെ അടിത്തറ.
ഒരിക്കൽ നാറ്റോയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്ത് അന്നത്തെ പ്രസിഡന്റ് ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും രംഗത്ത് എത്തിയിരുന്നു. ആക്രമണകാരിയായ റഷ്യയെ നിയന്ത്രിക്കുന്നതിന് നാറ്റോ സഖ്യത്തിന്റെ ആവശ്യകത പുതിയ സാഹചര്യത്തിൽ എന്നത്തേക്കാളും പ്രധാനമായി ഇരുരാജ്യങ്ങളും കാണുന്നു. പ്രസിഡന്റ് ബൈഡൻ ബ്രസൽസിൽ നടക്കുന്ന ഉച്ചകോടിയിൽ ആദ്യമായി പങ്കെടുക്കുന്നത് ഇതിന്റെ തെളിവായി കണക്കാക്കുന്നു.
സൈനിക ആസൂത്രണം, രഹസ്യാന്വേഷണം, ആയുധസംഭരണം എന്നിവയിൽ അംഗരാജ്യങ്ങളെ അടുപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതികൾക്ക് യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ നേതാക്കൾ അംഗീകാരം നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button