അന്തർദേശീയം

ഉക്രൈന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ച റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവിന് പുടിനുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്


കീവ്: ഉക്രൈന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ച റഷ്യയുടെ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവിന് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്.
റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമര്‍ പുടിനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവിന് ഹൃദയാഘാതമുണ്ടായതെന്നും പറയുന്നു. മാര്‍ച്ച്‌ 11ന് ശേഷം സെര്‍ജി ഷോയിഗുവിന്‍റെ പൊതുവേദികളിലെ അസാന്നിധ്യമാണ് ഇദ്ദേഹത്തിനെതിരായ പ്രചാരണങ്ങള്‍ ശക്തമാകാന്‍ കാരണമായത്.

യുക്രൈനിലെ പ്രത്യേക സേനാ ദൗത്യം പരാജയപ്പെട്ടതിന് വ്ളാഡിമിര്‍ പുടിന്‍ സെര്‍ജി ഷോയിഗുവിനെ വിമര്‍ശിച്ചതായി ഉക്രൈന്‍ മന്ത്രി തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. ഇതിന്‍റെ വാസ്തവം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്തായാലും പുടിനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സെര്‍ജി ഷോയിഗുവിന്‍റെ ആരോഗ്യനില മോശമായതെന്ന് പറയുന്നു. യുക്രൈയിന്‍ നഗരങ്ങളായ ഖാര്‍കീവും കീവും പിടിച്ചടക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നുള്ള ശിക്ഷയാണ് സെര്‍ജി ഷോയിഗുവിന് ലഭിച്ചത് എന്ന അഭ്യൂഹവും ഉയരുന്നുണ്ട്.

എന്നാല്‍ സെര്‍ജി ഷോയിഗുവിന് യഥാര്‍ത്ഥത്തില്‍ ഹൃദയാഘാതം സംഭവിച്ചോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഉക്രൈയ്ന്‍ മന്ത്രി ആന്‍റണ്‍ ഗെരാസ്‌ചെങ്കോ ആരോപിച്ചു. ഈ സംഭവത്തിന് ശേഷം സെര്‍ജി ഷോയിഗുവിനെ പൊതുവേദികളില്‍ കണ്ടിട്ടില്ലെന്നും ടെലിവിഷനില്‍ മാത്രമാണ് അദ്ദേഹം പിന്നീട് പ്രത്യക്ഷപ്പെട്ടതെന്നും ഉക്രൈയ്ന്‍ മന്ത്രി ആന്‍റണ്‍ ഗെരാസ്‌ചെങ്കോ അഭിപ്രായപ്പെടുന്നു.

റഷ്യന്‍ മന്ത്രിസഭയിലെ രണ്ടാമന്‍ എന്നു വിശേഷിക്കപ്പെടുന്ന പ്രതിരോധ മന്ത്രി സര്‍ജി ഷോയിഗു റഷ്യയിലെ ഹീറോ തന്നെയാണ്. കാരണം ഇതുവരെ റഷ്യ നടത്തിയ എല്ലാ സൈനിക നീക്കങ്ങളും വിചാരിച്ച വേഗതയില്‍ ലക്ഷ്യം കണ്ടിട്ടുണ്ട്. എന്നാല്‍ ഉക്രൈനില്‍ 30 ദിവസം യുദ്ധം പിന്നിട്ടിട്ടും സെലന്‍സ്കിയെ സ്ഥാനഭ്രഷ്ടനാക്കാനോ ഉക്രൈന്‍ സൈന്യത്തില്‍ വിള്ളല്‍ വീഴ്ത്താനോ റഷ്യയ്ക്ക് കഴിഞ്ഞില്ല. ഇത് യുദ്ധതന്ത്രങ്ങളിലുള്ള പാളിച്ചയാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ഉക്രൈന്‍ സൈനികശക്തിയെക്കുറിച്ച്‌ തെറ്റായ വിവരം നല്‍കിയതിന്‍റെ പേരില്‍ റഷ്യയുടെ രണ്ട് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരെ പുടിന്‍ പുറത്താക്കിയതായും റിപ്പോര്‍ട്ടുണ്ട്.

മാര്‍ച്ച്‌ 11നുശേഷം പൊതു ഇടങ്ങളില്‍ ആരും കണ്ടിട്ടില്ല. ഇതിനു കാരണം എന്താണെന്ന് തെളിയിക്കപ്പെടേണ്ടതുണ്ടെന്നും മാര്‍ച്ച്‌ 21നാണ് ഒരിടിവേളയ്ക്ക് ശേഷം ഇദ്ദേഹത്തെ ടിവിയില്‍ കാണാനായതെന്നും ഉക്രൈന്‍ അവകാശപ്പെടുന്നു. എന്നാല്‍ ഈയിടെ ഉക്രൈനിലെ സേനാ നീക്കം സംബന്ധിച്ചു ഷോയിഗു ദേശീയ സുരക്ഷാ സമിതിക്കു റിപ്പോര്‍ട്ട് നല്‍കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണു പുറത്തുവന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button