ഉക്രയ്നെ നാറ്റോയിൽ ചേർത്താൽ മൂന്നാം ലോകയുദ്ധം : റഷ്യ
മോസ്കോ:ഉക്രയ്നെ നാറ്റോയുടെ ഭാഗമാക്കിയാൽ മൂന്നാം ലോകയുദ്ധമായിരിക്കും ഫലമെന്ന് റഷ്യ. ഉക്രയ്ന് സഹായം എത്തിക്കുക വഴി നാറ്റോ സഖ്യരാഷ്ട്രങ്ങൾ ഇതിനായാണ് ശ്രമിക്കുന്നതെന്നും റഷ്യൻ ദേശീയ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി അലക്സാണ്ടർ വെനെഡിക്ടോവ് പറഞ്ഞു. മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കി ശ്രദ്ധപിടിച്ചുപറ്റാനാണ് ശ്രമം. നാറ്റോയുടെ ഭാഗമാക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കിയുടെ പ്രഖ്യാപനത്തോടാണ് വെനെഡിക്ടോവിന്റെ പ്രതികരണം.
40 നഗരത്തിൽ ആക്രമണം
ഹിതപരിശോധനയെ യുഎൻ പൊതുസഭ അപലപിച്ചതിന് തൊട്ടുപിന്നാലെ ഉക്രയ്നിലെ 40 ഇടങ്ങളിൽ മിസൈൽ ആക്രമണം നടത്തി റഷ്യ. തെക്കൻ നഗരമായ മികൊലെയ്വിൽ വൻനാശമുണ്ടായി. അപാർട്ട്മെന്റ് സമുച്ചയവും കപ്പൽനിർമാണ കേന്ദ്രവും തകർന്നു. കീവിലേക്കും ഡ്രോൺ ആക്രമണമുണ്ടായി. നികോപോളിലെ 30 നില കെട്ടിടവും വാതക പൈപ്പ്ലൈനും ആക്രമിക്കപ്പെട്ടു. ഉക്രയ്ന് കൂടുതൽ വ്യോമപ്രതിരോധ സംവിധാനം നൽകണമന്ന് പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി നാറ്റോ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കൂടുതൽ സഹായം എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.