അന്തർദേശീയം

ക്രിമിയ അടക്കമുള്ള റഷ്യൻ അധിനിവേശ പ്രദേശങ്ങൾ മറക്കൂ, സമാധാനത്തിന് ഒരുങ്ങൂ, പുതിയ ഉക്രെയിൻ നയസൂചനയുമായി അമേരിക്ക

ക്രിമിയ അടക്കമുള്ള റഷ്യന്‍ അധിനിവേശ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതിനു പകരം ഉക്രെയിനിലെ സമാധാനത്തിനാണ് നിയുക്ത അമേരിക്കന്‍ സര്‍ക്കാര്‍ ശ്രമിക്കുകയെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ്. റഷ്യ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ എല്ലാ പ്രദേശങ്ങളിലും പരമാധികാരം വീണ്ടെടുക്കാനുള്ള ഉക്രെയ്‌നിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ അമേരിക്കന്‍ നിലപാട്. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും യുക്രെയിനിനുള്ള ശതകോടിക്കണക്കിന് സൈനിക സഹായം മൂലമുണ്ടാകുന്ന യുഎസ് വിഭവങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുമാണ് തന്റെ മുന്‍ഗണനയെന്ന് ട്രംപ് പറഞ്ഞിരുന്നു.

വിജയം നേടുക എന്നതും തിരിച്ചു പിടിക്കുക എന്നതും തല്‍ക്കാലം മറക്കുക. രാജ്യത്തെ സമാധാനത്തിലേക്ക് നയിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുക. ഞങ്ങള്‍ ഉക്രെയ്‌നിനോട് പറയാന്‍ പോകുന്നത്, വിജയിക്കാനുള്ള ഒരു ദര്‍ശനമല്ല, മറിച്ച് ഇത് സമാധാനത്തിനുള്ള ഒരു ദര്‍ശനമാണ്. നമുക്ക് സത്യസന്ധമായ സംഭാഷണം ആരംഭിക്കാം. ,’ റിപ്പബ്ലിക്കന്‍ തന്ത്രജ്ഞനും ദീര്‍ഘകാല ട്രംപ് ഉപദേശകനുമായ ബ്രയാന്‍ ലാന്‍സ പറഞ്ഞു. ഈ ആഴ്ച ആദ്യം, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിക്കുകയും ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കാമെന്ന ട്രംപിന്റെ അവകാശവാദത്തെ അനുമോദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കോടീശ്വരനായ എലോണ്‍ മസ്‌കിന്റെ സാന്നിധ്യത്തില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉക്രെയിന്‍ നയത്തെ കുറിച്ചുള്ള സൂചന ബ്രയാന്‍ ലാന്‍സ നല്‍കിയത്. യുക്രൈനിലെ ഏറ്റവും വലിയ ആയുധ വിതരണക്കാരാണ് അമേരിക്ക. 2022 ഫെബ്രുവരിക്കും 2024 ജൂണ്‍ അവസാനത്തിനും ഇടയില്‍ 55.5 ബില്യണ്‍ ഡോളറിന്റെ (51.6 ബില്യണ്‍ യൂറോ) ആയുധങ്ങളും ഉപകരണങ്ങളുമാണ് അമേരിക്ക വിതരണം ചെയ്തത്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button