യുക്രൈൻ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയിലെ കെമിക്കല്‍ പ്ലാന്റ് ആക്രമിച്ചു

കീവ് : ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയിലെ കെമിക്കല്‍ പ്ലാന്റ് ആക്രമിച്ചതായി യുക്രൈന്റെ അവകാശവാദം. ബ്രിട്ടീഷ് നിര്‍മിത ദീര്‍ഘദൂര മിസൈലായ ‘സ്റ്റോം ഷാഡോ’ മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് യുക്രൈന്‍ അറിയിച്ചത്. മിസൈലുകള്‍ റഷ്യയുടെ വ്യോമ പ്രതിരോധസംവിധാനം ഭേദിച്ചെന്നും ആക്രമണം വിജയകരമായിരുന്നുവെന്നും യുക്രൈന്‍ സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫ് അറിയിച്ചു. വമ്പന്‍ ആക്രമണത്തില്‍ റഷ്യയ്ക്കുണ്ടായ നാശനഷ്ടങ്ങളുടെ വിലയിരുത്തലുകള്‍ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.
റഷ്യയിലെ ബ്രയാന്‍സ്‌ക് കെമിക്കല്‍ പ്ലാന്റിന് നേരേ ചൊവ്വാഴ്ച രാത്രിയാണ് മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് യുക്രൈന്‍ അവകാശപ്പെടുന്നത്. റഷ്യന്‍ സൈന്യത്തിന്റെ ആയുധനിര്‍മാണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന കേന്ദ്രമാണ് ബ്രയാന്‍സ്‌ക് കെമിക്കല്‍ പ്ലാന്റ്. വെടിമരുന്നുകള്‍, സ്‌ഫോടകവസ്തുക്കള്‍, റോക്കറ്റ് ഇന്ധനത്തിന് ആവശ്യമായ ഘടകങ്ങള്‍ തുടങ്ങിയവയെല്ലാം ഉത്പാദിപ്പിക്കുന്നത് ഈ പ്ലാന്റില്‍നിന്നാണെന്നും യുക്രൈന്‍ സൈന്യം പറഞ്ഞു.
അതേസമയം, യുക്രൈന്‍ ആക്രമണത്തെക്കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ബ്രയാന്‍സ്‌ക് മേഖലയില്‍ യുക്രൈന്റെ വ്യാപകമായ ആക്രമണമുണ്ടായെന്നും 57 യുക്രൈന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായും റഷ്യ അറിയിച്ചു.
അതിനിടെ, ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി റഷ്യ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ശക്തമായ വ്യോമാക്രമണം നടത്തിയതായി കീവ് മേയര്‍ ആരോപിച്ചു. കീവില്‍നിന്ന് സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട്‌ചെയ്തു.
250 കിലോമീറ്റര്‍ ദൂരം വരെ പ്രഹരശേഷിയുള്ള ക്രൂയ്‌സ് മിസൈലാണ് സ്റ്റോ ഷാഡോ. യുക്രൈന് ഇത്തരത്തിലുള്ള ദീര്‍ഘദൂര ആയുധങ്ങള്‍ നല്‍കരുതെന്ന് റഷ്യ പാശ്ചാത്യരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് ബ്രിട്ടീഷ് നിര്‍മിത മിസൈലുകള്‍ ഉപയോഗിച്ച് യുക്രൈന്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ സമാധാനത്തിന് തയ്യാറാകുന്നതുവരെ റഷ്യയുടെ സമ്പദ്‌വ്യവസ്ഥയിലും പ്രതിരോധ വ്യവസായമേഖലയിലും സമ്മര്‍ദം തുടരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മറും മറ്റു യൂറോപ്യന്‍ നേതാക്കളും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് യുക്രൈന്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നതും ശ്രദ്ധേയമാണ്.