ബംഗ്ലാദേശിൽ അഴിമതി ആരോപണം : ഷെയ്ഖ് ഹസീനയുടെ മരുമകൾ യുകെ മന്ത്രിസ്ഥാനം രാജിവച്ചു

ലണ്ടൻ : യുകെ സാമ്പത്തിക സേവന- അഴിമതി വിരുദ്ധ വകുപ്പ് മന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മരുമകൾ തുലിപ് സിദ്ദിഖ്. ഹസീന നടത്തിയ അഴിമതികളുടെ പങ്ക് തുലിപിനും ലഭിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് വിമർശിച്ചതിന് പിന്നാലെയായിരുന്നു രാജി.
ജനുവരി പതിനാലിനായിരുന്നു തുലിപ് സിദ്ദിഖ് രാജി സമർപ്പിച്ചത്. ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന നടത്തിയ ‘പകൽ കൊള്ള’യുടെ പ്രയോജനം തുലിപ് സിദ്ദിഖ് പറ്റിയിട്ടുണ്ടെന്നും അതിന് മാപ്പ് പറയണമെന്നുമായിരുന്നു മുഹമ്മദ് യൂനുസിന്റെ ആവശ്യം. ആരോപണങ്ങളെല്ലാം തുലിപ് നിഷേധിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. പ്രധാനമന്ത്രി കെയർ സ്റ്റാമർക്കാണ് രാജിക്കത്ത് കൈമാറിയത്.
ബംഗ്ലാദേശിൽ പ്രധാനമായും മൂന്ന് ആരോപണങ്ങളാണ് തുലിപിനെതിരെയുള്ളത്. ഹസീനയും കൂട്ടാളികളുമായും ബന്ധമുള്ള ലണ്ടനിലെ മൂന്ന് സ്വത്തുക്കളിൽനിന്ന് തുലിപ് സാമ്പത്തിക നേട്ടമുണ്ടാക്കി, ബംഗ്ലാദേശിലെ രൂപപൂർ ആണവനിലയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് തുലിപ് സിദ്ദിഖും റഷ്യൻ ഉദ്യോഗസ്ഥരുമായി ചേർന്ന് തട്ടിപ്പ് നടത്തി, ധാക്കയിൽ നയതന്ത്ര മേഖലയിൽ തൻ്റെ അമ്മയ്ക്കും സഹോദരിക്കും സഹോദരനും അനധികൃതമായി ഭൂമി അനുവദിച്ചതിൽ തുലിപിന് പങ്ക് എന്നിങ്ങനെയാണ് ആരോപണങ്ങൾ.
ആരോപണങ്ങളിൽ പലതിലും ബംഗ്ലാദേശിൽ അന്വേഷണവും നടക്കുന്നുണ്ട്. എന്നാൽ തുലിപിൽ പൂർണവിശ്വാസമുണ്ടെന്ന് ആരോപണങ്ങൾ ഉയർന്ന സമയത്ത് കെയർ സ്റ്റാമർ വ്യക്തമാക്കിയിരുന്നു. ഈ ആരോപണങ്ങളുടെയും പ്രതിപക്ഷത്തിൻ്റെ സമ്മർദത്തിൻ്റെയും വെളിച്ചത്തിൽ, ആഭ്യന്തര അന്വേഷണം നടത്താൻ തുലിപ് തയാറായിരുന്നു. അതിൽ തുലിപിനെതിരെ യാതൊരു ക്രമക്കടുകളും കണ്ടത്തിയിരുന്നില്ല.